ബൗളര്‍മാര്‍ ആവശ്യപ്പെടുന്ന സമയത്ത് നിര്‍ദേശങ്ങളുമായി അവതരിക്കുന്നു. ഒരു വിക്കറ്റ് കീപ്പര്‍ ഇത്രയേറെ പിന്തുണയ്ക്കുന്നത് ബൗളര്‍മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കുന്നതായും കുല്‍ദീപ്. 

ദില്ലി: കളിയിലെ സാഹചര്യങ്ങള്‍ മനസിലാക്കുന്നതില്‍ ബൗളര്‍മാരേക്കാള്‍ കേമന്‍ എം എസ് ധോണിയെന്ന് ഇന്ത്യന്‍ സ്‌പിന്നര്‍ കുല്‍ദീപ് യാദവ്. ബൗളര്‍മാര്‍ക്ക് എപ്പോഴും വഴികാട്ടിയാണ് ധോണി, ബൗളര്‍മാര്‍ ആവശ്യപ്പെടുന്ന സമയത്ത് നിര്‍ദേശങ്ങളുമായി അവതരിക്കുന്നു. ഒരു വിക്കറ്റ് കീപ്പര്‍ ഇത്രയേറെ പിന്തുണയ്ക്കുന്നത് ബൗളര്‍മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കുന്നതായും കുല്‍ദീപ് യാദവ് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. 

'ചിലപ്പോള്‍ ബൗളര്‍മാര്‍ക്ക് സാഹചര്യങ്ങള്‍ മനസിലാകണമെന്നില്ല. എന്നാല്‍ വിക്കറ്റ് കീപ്പര്‍ കാര്യങ്ങള്‍ മനസിലാക്കുന്നത് നല്ലതാണ്. മഹി ഭായി ഇങ്ങനെയൊരാളാണ്' എന്നും കുല്‍ദീപ് പറഞ്ഞു. 

ഇന്ത്യ ഏകദിന ലോകകപ്പ് നേടാന്‍ സാധ്യയുണ്ടെന്നും സ്‌പിന്നര്‍ വ്യക്തമാക്കി. എന്നാല്‍ പാക്കിസ്ഥാനും ഇംഗ്ലണ്ടും ശക്തരായ ടീമുകളാണ്. മറ്റ് ടീമുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇംഗ്ലണ്ട് ബാറ്റിംഗ് നിര അതിശക്തമാണ്. ഇംഗ്ലണ്ട് സ്വന്തം മണ്ണിലാണ് കളിക്കുന്നത്, ഇപ്പോള്‍ പുറത്തെടുക്കുന്ന പ്രകടനം പരിഗണിച്ചാല്‍ പാക്കിസ്ഥാനും ലോകകപ്പില്‍ തിളങ്ങാന്‍ സാധ്യതയുണ്ടെന്നും കുല്‍ദീപ് പറഞ്ഞു.