ദില്ലി: ക്രിക്കറ്റില്‍നിന്ന് അവധിയെടുത്ത മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി ഇന്ത്യന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ സന്ദര്‍ശിച്ചു. റാഞ്ചിയിലെ രാജ്ഭവനില്‍ വെച്ചായിരുന്നു ധോണി പ്രസിഡന്‍റിനെ കണ്ടത്. പ്രസിഡന്‍റിനോടൊപ്പം രാത്രിഭക്ഷണവും കഴിച്ചാണ് ധോണി മടങ്ങിയത്. രാം നാഥ് കോവിന്ദ് മൂന്ന് ദിവസത്തെ ജാര്‍ഖണ്ഡ് സന്ദര്‍ശനത്തിനായി എത്തിയപ്പോഴായിരുന്നു ധോണിയുടെ സന്ദര്‍ശനം. 

ക്രിക്കറ്റില്‍നിന്ന് അവധിയെടുത്ത ധോണി ജെഎസ്‍സിഎ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ബില്ല്യാര്‍ഡ്സ് കളിക്കാനെത്തിയിരുന്നു. തെരുവില്‍ ക്രിക്കറ്റ് കളിക്കുന്ന വീഡിയോയും ധോണി സോഷ്യല്‍മീഡിയ പങ്കുവെച്ചിരുന്നു. ഇന്ത്യക്ക് ട്വന്‍റി20 ലോകകപ്പ്, ഏകദിന ലോകകപ്പ് നേടിത്തന്ന ക്യാപ്റ്റന്‍ ധോണി ഇപ്പോള്‍ വിശ്രമിത്തിലാണ്. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ടി20 ടൂര്‍ണമെന്‍റില്‍നിന്ന് ധോണി വിട്ടുനിന്നിരുന്നു. ധോണി ഉടന്‍ വിരമിക്കുമെന്ന് അഭ്യൂഹമുയര്‍ന്നെങ്കിലും താരം പ്രതികരിച്ചിരുന്നില്ല.