ധോണി അത്ര കൂളല്ല എന്നാണ് സഹതാരവും പേസറുമായിരുന്ന ഇഷാന്ത് ശർമ്മയുടെ വാക്കുകള്‍
റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ഇതിഹാസ നായകന്‍ എം എസ് ധോണിയുടെ 42-ാം ജന്മദിനമാണിന്ന്. തന്ത്രങ്ങളും ബാറ്റിംഗും വിക്കറ്റ് കീപ്പിംഗും കൊണ്ട് സമാനതകളില്ലാത്ത ഇതിഹാസമായി വളർന്ന എം എസ് ധോണി ടീം ഇന്ത്യക്ക് ഏകദിന ലോകകപ്പ്, ട്വന്‍റി 20 ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി ട്രിപ്പിള്‍ എന്നീ കിരീടങ്ങള്‍ സമ്മാനിച്ച നായകനാണ്. സമ്മർദമേതുമില്ലാതെ ടീമിനെ നയിക്കുന്ന ധോണിയെ ക്യാപ്റ്റന്‍ കൂള്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാല്‍ ധോണി അത്ര കൂളല്ല എന്നാണ് സഹതാരവും പേസറുമായിരുന്ന ഇഷാന്ത് ശർമ്മയുടെ വാക്കുകള്‍.
'മഹി ഭായിക്ക് ഒട്ടേറെ കഴിവുകളുണ്ട്. എന്നാല്‍ ശാന്തത അതിലൊന്നല്ല. അദേഹം ചിലപ്പോഴൊക്കെ മൈതാനത്ത് മോശം പദപ്രയോഗങ്ങള്‍ ഉപയോഗിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ഐപിഎല്ലിലായാലും ഇന്ത്യന്‍ ടീമിലായാലും ധോണിയുടെ ചുറ്റിലും എപ്പോഴും ആരെങ്കിലുമൊക്കെ കാണും. ഗ്രാമത്തിലിരിക്കുന്ന അന്തരീക്ഷമാണ് ഇത് തരിക, മരങ്ങള്‍ ഇല്ലായെന്ന് മാത്രമേയുള്ളൂ. എന്നാല്‍ അത്യപൂർവമായേ ധോണി ചൂടാവാറുള്ളൂ' എന്നും ഇഷാന്ത് ശർമ്മ ഒരു യൂട്യൂബ് ചാനലിനോട് പറഞ്ഞു. കരിയറില്‍ ഏറെക്കാലവും എം എസ് ധോണിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ കളിച്ച പേസറാണ് ഇഷാന്ത് ശർമ്മ. 2013ല്‍ ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ചാമ്പ്യന്‍സ് ട്രോഫി നേടിയ ടീമിലംഗമായിരുന്നു.
ടീം ഇന്ത്യക്കായി 90 ടെസ്റ്റുകളും 350 ഏകദിനങ്ങളും 98 രാജ്യാന്തര ടി20കളുമാണ് എം എസ് ധോണി കളിച്ചത്. ടെസ്റ്റില്‍ ആറ് സെഞ്ചുറികളോടെ 38.09 ശരാശരിയില്‍ 4876 റണ്‍സും ഏകദിനത്തില്‍ 10 ശതകങ്ങളോടെ 50.58 ശരാശരിയില്‍ 10773 റണ്‍സും ടി20യില്‍ 37.6 ശരാശരിയില്‍ 1617 റണ്‍സും നേടി. ഐപിഎല്ലില്‍ 250 കളിയില്‍ 5082 റണ്‍സും ധോണിക്ക് സ്വന്തം. 2007ല്‍ ടി20 ലോകകപ്പും 2011ല്‍ ഏകദിന ലോകകപ്പും 2013ല്‍ ചാമ്പ്യന്‍സ് ട്രോഫിയും ടീം ഇന്ത്യക്ക് സമ്മാനിച്ച ധോണി ഐപിഎല്ലില്‍ ചെന്നൈ സൂപ്പർ കിംഗ്സിനെ അഞ്ച് കിരീടങ്ങളിലേക്ക് നയിച്ചു. ധോണി ഇന്ത്യന്‍ ടീമിനെ പരിമിത ഓവർ ക്രിക്കറ്റില്‍ 2007 മുതല്‍ 2017 വരെയും ടെസ്റ്റില്‍ 2008 മുതല്‍ 2014 വരെയും നയിച്ചു.
Read more: ശ്രദ്ധേയം മിന്നു മണി; വനിതാ ക്രിക്കറ്റ് ടീം ബംഗ്ലാദേശിലെത്തി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
