മുംബൈ: എം എസ് ധോണിയുടെ തിരിച്ചുവരവിനെക്കുറിച്ചും വിരമിക്കലിനെക്കുറിച്ചും വാര്‍ത്തകളും അഭ്യൂഹങ്ങളും പ്രചരിച്ചുകൊണ്ടിരിക്കെ കരിയറില്‍ ഒരിക്കലും മറക്കാത്ത രണ്ട് സംഭവങ്ങളെക്കുറിച്ച് മനസു തുറന്ന് ഇന്ത്യന്‍ മുന്‍ നായകന്‍. ആദ്യത്തേത് 2007ലെ ടി20 ലോകകപ്പ് വിജയത്തിനുശേഷമായിരുന്നുവെന്ന് ധോണി പറഞ്ഞു.

കിരീടവുമായി ഇന്ത്യയിലെത്തിയശേഷം മുംബൈ മറൈന്‍ ഡ്രൈവിലൂടെ ഓപ്പണ്‍ ബസില്‍ കാണികളെ അഭിവാദ്യം ചെയ്ത് യാത്ര ചെയ്ത സംഭവമാണ് ഒന്നാമത്തേത്. റോഡിനിരുവശവും ആരാധകരെ കൊണ്ട് നിറഞ്ഞിരുന്നു. ആളുകള്‍ വാഹനങ്ങള്‍ നിര്‍ത്തി പുറത്തിറങ്ങി ഞങ്ങളെ അഭിവാദ്യം ചെയ്യുന്നു. എല്ലാവരുടെയും മുഖത്ത് സന്തോഷമുണ്ടായിരുന്നു. ചിരിയുണ്ടായിരുന്നു. ഒരിക്കലും മറക്കാനാവില്ല ആ മുഹൂര്‍ത്തമെന്ന് ധോണി പറഞ്ഞു.

രണ്ടാമത്തെ സംഭവം 2011 ഏകദിന ലോകകപ്പ് ഫൈനലിനിടെ ആയിരുന്നു. ലോകകപ്പ് ജയത്തിലേക്ക് 15-20 റണ്‍സ് വേണ്ടപ്പോള്‍ മുംബൈ വാംഖഡെ സ്റ്റേഡിയത്തിലെ കാണികള്‍ മുഴുവന്‍ എഴുന്നേറ്റ് നിന്ന് ഉച്ചത്തില്‍ ഒരേ സ്വരത്തില്‍ വന്ദേ മാതരം പാടിയത്. ഈ രണ്ട് സംഭവങ്ങളും ഇനിയൊരിക്കലും ഒരുപക്ഷെ ഇതുപോലെ ആവര്‍ത്തിക്കില്ല. അതിനാല്‍ തന്നെ ഈ രണ്ട് സംഭവങ്ങളും തന്റെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്നതാണെന്നും ധോണി പറഞ്ഞു.