ലണ്ടന്‍: എം എസ് ധോണി ഒരുപക്ഷേ എക്കാലത്തെയും മികച്ച വൈറ്റ് ബോള്‍ ക്രിക്കറ്റ് നായകനെന്ന് ഇംഗ്ലീഷ് മുന്‍ ക്യാപ്റ്റന്‍ നാസര്‍ ഹുസൈനിന്‍റെ പ്രശംസ. സതാംപ്‌ടണില്‍ നടക്കുന്ന ഇംഗ്ലണ്ട്- പാകിസ്ഥാന്‍ രണ്ടാം ടെസ്റ്റിന്‍റെ കമന്‍ററിക്കിടെയാണ് നാസര്‍ ധോണിയെ വാഴ്‌ത്തിപ്പാടിയത്. മത്സരത്തിനിടെയാണ് ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനം പുറത്തുവന്നത്. 

'മഹാനായ നായകനാണ് ധോണി. സമ്മര്‍ദങ്ങളില്‍ കൂളായ, മഹാനായ ഫിനിഷറും. ധോണി ഔട്ടാകാതെ എതിര്‍ ടീമിന് വിജയിക്കാനാവില്ല. ഇന്ത്യന്‍ ക്രിക്കറ്റിലെ ചില അവിസ്‌മരണീയ മുഹൂര്‍ത്തുങ്ങളുടെ ഭാഗമായി ധോണി. സ്വതസിദ്ധമായ ശൈലിയില്‍ ധോണി അത് സാഫല്യമാക്കി. ധോണി വളരെ മികച്ച താരമാണ്' എന്നും നാസര്‍ ഹുസൈന്‍ കൂട്ടിച്ചേര്‍ത്തു. 

കമന്‍ററി ബോക്‌സില്‍ നാസറിനൊപ്പമുണ്ടായിരുന്ന മൈക്ക് അതേര്‍ട്ടനും ധോണിയെ പ്രശംസിച്ചു. 'ഒരു താരം വിരമിക്കുമ്പോള്‍ ആരാധകര്‍ ചര്‍ച്ച ചെയ്യുക ശരാശരിയോ കണക്കുകളോ അല്ല, മറിച്ച് അവര്‍ എങ്ങനെ കളിച്ചുവെന്നും അവര്‍ ഭാഗവാക്കായ ഐതിഹാസിക മുഹൂര്‍ത്തങ്ങള്‍ എന്തൊക്കെയാണ് എന്നും മാത്രമാണ്. അതിനാല്‍ ധോണി വിസ്‌മയ താരമാണ്' എന്നും അതേര്‍ട്ടന്‍ പറഞ്ഞു. വാംഖഢെയില്‍ 2011 ലോകകപ്പ് ഫൈനലില്‍ ധോണി നേടിയ വിജയ സിക്‌സര്‍ ഓര്‍ത്തെടുത്തായിരുന്നു അദേഹത്തിന്‍റെ പ്രശംസ.  

'ധോണിയെ കുറിച്ച് ഒരു സവിശേഷ കാര്യം അന്ന് ദാദയോട് പറഞ്ഞു'; സച്ചിന്‍റെ വെളിപ്പെടുത്തല്‍

ധോണിയുടെ വിരമിക്കല്‍ തീരുമാനത്തില്‍ പ്രതികരണവുമായി സാക്ഷി