കരിയറിന്‍റെ തുടക്ക സമയത്ത് ബിഎഎസ് ബാറ്റാണ് ധോണി ഉപയോഗിച്ചിരുന്നത്. 

റാഞ്ചി: ഐപിഎല്‍ 2024 സീസണിനായി ചെന്നൈ സൂപ്പർ കിംഗ്സ് നായകന്‍ എം എസ് ധോണി തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു. ഇത് ധോണിയുടെ അവസാന ഐപിഎല്‍ സീസണായിരിക്കുമോ എന്ന ചോദ്യം കഴിഞ്ഞ സീസണിലേത് പോലെ ഇത്തവണയും ഉയരുന്നുണ്ട്. ഇതിനിടെ റാഞ്ചിയില്‍ നെറ്റ്‌സില്‍ ബാറ്റിംഗ് പരിശീലനം നടത്തുന്ന ധോനിയുടെ ചിത്രങ്ങളും വീഡിയോകളും പുറത്ത് വന്നിരുന്നു. നെറ്റ്‌സില്‍ പരിശീലനത്തിനായി ധോണി ഉപയോഗിക്കുന്ന ബാറ്റിലെ സ്റ്റിക്കറാണ് എല്ലാവരും ശ്രദ്ധിച്ചത്.

'പ്രൈം സ്‌പോര്‍ട്‌സ്' എന്ന സ്റ്റിക്കര്‍ പതിച്ച ബാറ്റുമായാണ് ധോണി പരിശീലിച്ചത് ഇതിന് പിന്നാലെ ആരാണ് ഈ പുതിയ സ്‌പോണ്‍സര്‍ എന്നാണ് ചോദ്യങ്ങള്‍ ഉയര്‍ന്നത്. ധോണിയുടെ ബാല്യകാല സുഹൃത്തായ പരംജിത്ത് സിങ്ങിന്റെ ഉടമസ്ഥതയില്‍ റാഞ്ചിയിലുള്ള സ്‌പോര്‍ട്‌സ് ഷോപ്പിന്റെ പേരാണ് ഇതെന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. ഇതിഹാസ താരമായി മാറിയിട്ടും വന്ന വഴി മറക്കാത്ത താരത്തിന് വലിയ പ്രശംസകളും ലഭിച്ചു. 

എന്നാല്‍, ധോണി ആദ്യമായല്ല ഇങ്ങനെയൊരു കാര്യം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ബാറ്റ് നിര്‍മ്മാതാക്കളായ ബിഎഎസിന്‍റെ ഉടമയാണ് കരിയറില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തെ ധോണിയുടെ കഥ വെളിപ്പെടുത്തിയത്. കോടികളുടെ കരാർ ഉപേക്ഷിച്ച ധോണി ബിഎഎസിന്‍റെ സ്റ്റിക്കര്‍ ഉപയോഗിക്കുകയായിരുന്നുവെന്ന് ഉടമയായ സോമി കോഹ്‌ലി പറഞ്ഞു. 

പണത്തെ കുറിച്ച് ധോണി പരാമർശിച്ചതേയില്ല. നിങ്ങളുടെ സ്റ്റിക്കറുകൾ എന്‍റെ ബാറ്റിൽ പതിപ്പിക്കുക എന്ന് മാത്രമാണ് പറഞ്ഞത്. കാര്യങ്ങള്‍ പറഞ്ഞ് ധോണിയെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. വളരെ വലിയ ഒരു കരാറാണ് ഉപേക്ഷിക്കുന്നതെന്നും പറഞ്ഞു. ധോണിയുടെ ഭാര്യ സാക്ഷിയോടും അച്ഛനോടും അമ്മയോടും കാര്യങ്ങള്‍ പറഞ്ഞു. ധോണിയുടെ സുഹൃത്തായ പരംജിത്തിനോടും കാര്യം പറഞ്ഞു. ലോകകപ്പിന് മുമ്പ് എല്ലാവരും കൂടെ ധോണിയുടെ വീട്ടിലെത്തി. പക്ഷേ, തന്‍റെ തീരുമാനം ആണിതെന്ന് പറഞ്ഞ് ധോണി ഉറച്ച് നില്‍ക്കുകയായിരുന്നുവെന്നും സോമി കോഹ്‌ലി പറഞ്ഞു. കരിയറിന്‍റെ തുടക്ക സമയത്ത് ബിഎഎസ് ബാറ്റാണ് ധോണി ഉപയോഗിച്ചിരുന്നത്. 

കുട്ടിക്ക് വിശപ്പില്ല, സ്കാൻ റിപ്പോർട്ടിൽ ഞെട്ടി ഡോക്ടർമാർ; മണിക്കൂറുകൾ നീണ്ട സർജറി, വയറ്റിൽ ഭീമൻ മുടിക്കെട്ട്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം