ടീമിലെ ഓരോ കളിക്കാരനെക്കുറിച്ചും അവരുടെ മികവിനെക്കുറിച്ചും ധോണിക്ക് വ്യക്തമായ ബോധ്യമുണ്ടാവും. അതുപോലെ ഓരോരുത്തരില്‍ നിന്ന് എങ്ങനെ മികച്ച പ്രകടനം പുറത്തെടുക്കാമെന്നും.

അഹമ്മദാബാദ്: ക്യാപ്റ്റനെന്ന നിലയില്‍ എംഎസ് ധോണിയുടെയും വിരാട് കോലിയുടെയും രോഹിത് ശര്‍മയുടെയും മികവിനെ താരതമ്യം ചെയ്ത് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ പാര്‍ഥിവ് പട്ടേല്‍. ആകാശ് ചോപ്രയുമായുള്ള അഭിമുഖത്തിലാണ് പാര്‍ത്ഥിവ് മൂന്നുപേരുടയെും ശൈലിയെക്കുറിച്ച് മനസുതുറന്നത്.

ക്യാപ്റ്റനെന്ന നിലയില്‍ വിരാട് കോലി എല്ലായ്പ്പോഴും അക്രമണോത്സുകത പുറത്തെടുക്കുന്ന താരമാണെന്ന് പാര്‍ഥിവ് പറഞ്ഞു. ക്യാപ്റ്റനെന്ന നിലയില്‍ എല്ലാക്കാര്യങ്ങളിലും മുമ്പില്‍ നിന്ന് നയിക്കാന്‍ താല്‍പര്യമുള്ള കളിക്കാരനാണ് കോലി. അത് കോലിക്ക് യോജിച്ച ശൈലിയുമാണ്. പക്ഷെ ധോണിയും രോഹിത്തും പൊതുവെ ശാന്തരായ നായകന്‍മാരാണ്. ഇരുവരുടെയും സാന്നിധ്യം ഡ്രസ്സിംഗ് റൂമിനെപ്പോലും കൂളാക്കും. എന്നാല്‍ കോലിയാകട്ടെ ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കാന്‍ എല്ലാവരെയും എല്ലായ്പ്പോഴും പ്രേരിപ്പിച്ചുകൊണ്ടേയിരിക്കും.

രോഹിത്തിന്റെ കാര്യമെടുത്താല്‍, തനിക്ക് ലഭിച്ച വിവരങ്ങളും വിഭവങ്ങളും എങ്ങനെ ഭംഗിയായി ഉപയോഗിക്കാമെന്ന് വ്യക്തമായി അറിയാവുന്ന നായകനാണ് അദ്ദേഹം. ഓരോ കളിക്കാരനെയും ഏതൊക്കെ റോളിലേക്ക് പരിഗണിക്കാമെന്ന് അദ്ദേഹത്തിന് അറിയാം. 2014ല്‍ ക്യാപ്റ്റനായശേഷം അദ്ദേഹം ഒരുപാട് മെച്ചപ്പെട്ടു. ടീമിലെ കളിക്കാരെ വിനിയോഗിക്കുന്നതില്‍ ധോണിക്കും രോഹിത്തിനും പ്രത്യേക മിടുക്കുണ്ടെന്നും പാര്‍ഥിവ് പറഞ്ഞു.

ഐപിഎല്ലില്‍ ധോണിക്കും രോഹിത്തിനും കോലിക്കും കീഴില്‍ കളിച്ചിട്ടുള്ള താരമാണ് പാര്‍ഥിവ്. 2018 മുതല്‍ കോലിയുടെ ടീമായ ബാംഗലൂര്‍ റോയല്‍ ചലഞ്ചേഴ്സ് താരവുമാണ് 35കാരനായ പാര്‍ഥിവ്. ധോണിക്ക് കീഴില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായും രോഹിത്തിന് കീഴില്‍ മുംബൈ ഇന്ത്യന്‍സിനായും മുമ്പ് പാര്‍ഥിവ് കളിച്ചിട്ടുണ്ട്.