ശ്രീനഗര്‍: ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്ത് കശ്‌മീരില്‍ സൈനികസേവനം ചെയ്യുകയാണ് എം എസ് ധോണി. ധോണി ദക്ഷിണ കശ്‌മീരില്‍ ഡ്യൂട്ടി കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. കശ്‌മീരില്‍ നിന്ന് ധോണിയുടേതായി പുറത്തുവന്ന ഒരു ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. 

സൈനികവേഷത്തില്‍ ക്രിക്കറ്റ് ബാറ്റില്‍ ഒപ്പിടുന്ന ധോണിയാണ് ചിത്രത്തിലുള്ളത്. ധോണിയുടെ സഹപ്രവര്‍ത്തകരെയും ചിത്രത്തില്‍ കാണാം. എന്‍ഡിടിവി അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ ഇത് വാര്‍ത്തയാക്കി.

ധോണി കശ്‌മീരിലെത്തിയ വിവരം കഴിഞ്ഞ ദിവസം ആര്‍മി വൃത്തങ്ങള്‍ സ്ഥിരീകരിച്ചിരുന്നു. ഓഗസ്റ്റ് 15 വരെ ധോണി കശ്‌മീരില്‍ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടെറിട്ടോറിയല്‍ ആര്‍മിയില്‍ ഓണററി ലഫ്റ്റനന്‍റ് കേണലാണ് എം എസ് ധോണി. 106 പാരാ ബറ്റാലിയനില്‍ പട്രോളിങ്, ഗാര്‍ഡ്, ഔട്ട്‌പോസ്റ്റ് ചുമതലകള്‍ നിര്‍വഹിക്കുന്ന ധോണി സൈനികര്‍ക്കൊപ്പമാണ് താമസിക്കുന്നത്.