എം എസ് ധോണി പടിയിറങ്ങുന്നതോടെ ചെന്നൈ സൂപ്പർ കിംഗ്സിന്റെ മുഖമായി സഞ്ജു സാംസൺ മാറാൻ സാധ്യത. റുതുരാജ് ഗെയ്ക്‌വാദ് നായകനായി തുടരുമെങ്കിലും ഉപദേഷ്ടാവായി ധോണി ഒപ്പമുണ്ടാകാനാണ് സാധ്യത.
ചെന്നൈ: എം എസ് ധോണി വിരമിച്ചതോടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ മുഖമായി മാറുകയാണ് മലയാളിതാരം സഞ്ജു സാംസണ്‍. അതേസമയം റുതുരാജ് ഗെയ്ക്‌വാദ് ഈ സീസണിലും സിഎസ്‌കെ നായകനായി തുടരാനാണ് സാധ്യത. മഹേന്ദ്ര സിംഗ് ധോണിയുടെ പടിയിറക്കം ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വെറുമൊരു വിരമിക്കലല്ല. യുഗാന്ത്യമാണ്. 2008ലെ പ്രഥമ സീസണ്‍ മുതല്‍ ടീമിന്റെ മുഖവും നട്ടെല്ലുമായ താരം. ഐപിഎല്ലില്‍ അഞ്ച് തവണയും ചാമ്പ്യന്‍സ് ലീഗില്‍ രണ്ടുതവണയും സി എസ് കെയെ ചാമ്പ്യന്‍മാരാക്കിയ നായകന്‍.
വിക്കറ്റിന് പിന്നിലെ മിന്നല്‍പ്പിണര്‍. പ്രതിസന്ധി ഘട്ടങ്ങളിലെ രക്ഷകന്‍. കഴിഞ്ഞ സീസണില്‍ ഒറ്റമത്സരത്തില്‍ കളിക്കാതിരുന്നിട്ടും ആരാധകരെ ഏഴാം നമ്പര്‍ ജഴ്‌സിയില്‍ ഗാലറിയില്‍ നിറച്ച തല. ചെപ്പോക്കില്‍ കളിച്ച് വിരമിക്കണമെന്ന് പലവട്ടം പറഞ്ഞ ധോണിയെ സി എസ് കെ ജഴ്‌സിയില്‍ ഒരിക്കല്‍ക്കൂടി കാണാമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരിക്കേ ആയിരുന്നു അപ്രതീക്ഷിത പ്രഖ്യാപനം. എങ്കിലും സി എസ് കെയുടെ നട്ടെല്ലായി ധോണി തുടരും. ഉപദേഷ്ടാവായി. ഇതോടെ ടീമിന്റെ മുഖമായി മാറുകയാണ് സഞ്ജു സാംസണ്‍.
കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് എത്തിയപ്പോള്‍ തന്നെ സി എസ് കെ ആരാധകര്‍ സഞ്ജുവിനെ സ്വികരിച്ചത് രണ്ടുകൈയും നീട്ടി. തമിഴ് നന്നായി സംസാരിക്കുന്ന സഞ്ജുവിനോടുള്ള സ്‌നേഹം ഓരോ മത്സരത്തിലും കണ്ടു. സഞ്ജു ടീമിന്റെ മുഖമായി മാറുമ്പോഴും റുതുരാജ് ഗെയ്ക്‌വാദ് ക്യാപ്റ്റനായി തുടരുമെന്നാണ് ടീം മാനേജ്‌മെന്റ് നല്‍കുന്ന സൂചന. കഴിഞ്ഞ സീസണ്‍വരെ ലേലത്തില്‍ താരങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ അവസാനവാക്ക് ധോണിയായിരുന്നു.
സ്റ്റീഫന്‍ ഫ്‌ലെമിംഗിന് പകരം സഹീര്‍ ഖാനെ മുഖ്യ പരിശീലകനായി നിര്‍ദേശിച്ച ധോണി ഡിസംബര്‍ 16ന് നടക്കുന്ന താരലേലത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ എന്തൊക്കെ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.











