നിലവിൽ ചെന്നൈയിൽ തുടരുന്ന ധോണി ഫിസിയോയുടെയും മസാജറുടെയും സഹായത്തോടെ കായികക്ഷമത വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. നെറ്റ്‌സിൽ പരിശീലനം നടത്തുന്നുണ്ടെങ്കിലും പൂർണ്ണ കായികക്ഷമത കൈവരിക്കാൻ സമയം എടുക്കും.
ചെന്നൈ: ഐപിഎല്ലിൽ തുടർച്ചയായ മൂന്ന് തോൽവികളുമായി പ്രതിസന്ധിയിലായ ചെന്നൈ സൂപ്പർ കിംഗ്‌സ് പ്ലേയിംഗ് ഇലവനിലേക്കുള്ള എം എസ് ധോണിയുടെ തിരിച്ചുവരവ് വൈകും. 11ന് നടക്കുന്ന ഡൽഹിക്കെതിരായ മത്സരത്തിന് പുറമെ ഏപ്രിൽ 14-ന് നടക്കുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരവും ധോണിക്ക് നഷ്ടമാകുമെന്നാണ് സൂചന. സീസണിന് മുന്നോടിയായുള്ള പരിശീലന ക്യാമ്പിനിടെയേറ്റ കാല്‍ക്കുഴക്കേറ്റ പരിക്കാണ് ധോണിക്ക് തിരിച്ചടിയായത്.
നിലവിൽ ചെന്നൈയിൽ തുടരുന്ന ധോണി ഫിസിയോയുടെയും മസാജറുടെയും സഹായത്തോടെ കായികക്ഷമത വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. നെറ്റ്‌സിൽ പരിശീലനം നടത്തുന്നുണ്ടെങ്കിലും പൂർണ്ണ കായികക്ഷമത കൈവരിക്കാൻ സമയം എടുക്കും.എം.എസ് ധോണിക്ക് പൂർണ്ണ കായികക്ഷമത വീണ്ടെടുക്കാൻ കൂടുതൽ സമയം ആവശ്യമാണ്. എത്ര ദിവസം കൂടി വേണ്ടിവരുമെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് സിഎസ്‌കെ സിഇഒ കാശി വിശ്വനാഥൻ വ്യക്തമാക്കി.
ചെന്നൈക്ക് സന്തോഷവാര്‍ത്ത
ധോണിയുടെ തിരിച്ചുവരവ് വൈകുമെങ്കിലും ചെന്നൈ ആരാധകർക്ക് ആശ്വാസം നൽകുന്നത് ദക്ഷിണാഫ്രിക്കൻ യുവതാരം ഡെവാൾഡ് ബ്രെവിസിന്‍റെ തിരിച്ചുവരവാണ്.പരിശീലനത്തിനിടെ പരിക്കേറ്റ ബ്രെവിസ് കായികക്ഷമത വീണ്ടെടുത്തു. ഏപ്രിൽ 11-ന് ഡൽഹിക്കെതിരായ മത്സരത്തിൽ താൻ കളിക്കളത്തിലുണ്ടാകുമെന്ന് ബ്രെവിസ് തന്നെ സ്ഥിരീകരിച്ചു.
സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ട ചെന്നൈ പോയിന്‍റ് പട്ടികയിൽ അവസാന സ്ഥാനത്താണ്. ധോണിയുടെ അസാന്നിധ്യം ടീമിന്‍റെ പ്രകടനത്തെയും ആത്മവിശ്വാസത്തെയും കാര്യമായി ബാധിച്ചിട്ടുണ്ട്. ഏപ്രിൽ 11-ന് സ്വന്തം തട്ടകമായ ചെപ്പോക്കിൽ വെച്ചാണ് ഡൽഹിയുമായുള്ള പോരാട്ടം. ധോണി ഇല്ലെങ്കിലും ബ്രെവിസിന്‍റെ തിരിച്ചുവരവ് ചെന്നൈ ബാറ്റിംഗിന് കരുത്ത് പകരുമെന്നാണ് കരുതുന്നത്.
