മുംബൈ: ട്വിറ്ററില്‍ വിരമിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണി. ട്വിറ്ററിലെ ട്രെന്‍ഡിംഗ് വിഷയങ്ങളില്‍ രണ്ടാം സ്ഥാനത്താണിപ്പോള്‍ #DhoniRetires എന്ന ഹാഷ് ടാഗ്. സംഭവം വൈറലായതോടെ ആരാധകര്‍ ധോണിയുടെ വിരമിക്കലിനെക്കുറിച്ച് അന്വേഷണവുമായി ആരാധകര്‍ രംഗത്തെത്തി. ധോണി വിരമിച്ചുവെന്ന വാര്‍ത്ത പരന്നതോടെ ട്വിറ്ററില്‍ ധോണിക്കായി ആശംസകളും വികാരനിര്‍ഭരമായ കുറിപ്പുകളും പ്രവഹിക്കുകയാണിപ്പോള്‍.

ലോകകപ്പിനുശേഷം ഇന്ത്യക്കായി കളിച്ചിട്ടില്ലാത്ത ധോണി ഇന്ത്യന്‍ ടീമില്‍ എന്ന് തിരിച്ചെത്തുമെന്ന് വ്യക്തമാക്കിയിട്ടില്ല. അടുത്ത മാസം തുടങ്ങാനിരിക്കുന്ന ബംഗ്ലാദേശിനെതിരായ പരമ്പരയിലും ധോണി കളിക്കുന്നില്ല. ലോകകപ്പിനുശേഷം നടന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലും ധോണി കളിച്ചിരുന്നില്ല.

എപ്പോള്‍ വിരമിക്കണമെന്ന് തീരുമാനിക്കാന്‍ ധോണിക്ക് അവകാശമുണ്ടെന്ന് ബിസിസിഐ പ്രസിഡന്റായി ചുമതലയേറ്റ സൗരവ് ഗാംഗുലിയും വ്യക്തമാക്കിയിരുന്നു. ധോണിയെ പിന്തുണച്ച് ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.