മുംബൈ: എം എസ് ധോണിയുടെ വിരമിക്കല്‍ സംബന്ധിച്ച അഭ്യൂഹങ്ങള്‍ അടുത്തിടെ ശക്തമായിരുന്നു. വിന്‍ഡീസിനെതിരായ പര്യടനത്തില്‍ നിന്ന് വിട്ടുനിന്ന ധോണി ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെയും കളിക്കാതിരിക്കുന്നത് ആരാധകരുടെ സസ്‌പെന്‍സ് വര്‍ധിപ്പിക്കുന്നു. എന്നാല്‍ ധോണി അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പില്‍ കളിക്കുമെന്ന് വിശ്വസിക്കുന്നവരുമേറെ.

ധോണിക്ക് ടി20 ലോകകപ്പ് കൂടി കളിക്കാനുള്ള ബാല്യമുണ്ടെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് അദേഹത്തിനൊപ്പം ദീര്‍ഘകാലം കളിച്ചുപരിചയമുള്ള സുരേഷ് റെയ്‌ന. 'ധോണി ഇപ്പോഴും പൂര്‍ണ ഫിറ്റാണ്. വിസ്‌മയ വിക്കറ്റ് കീപ്പറും എക്കാലത്തെയും മികച്ച ഫിനിഷറുമാണ്. ടി20 ലോകകപ്പില്‍ ധോണി ഇന്ത്യക്ക് വലിയൊരു മുതല്‍ക്കൂട്ടായിരിക്കും'- റെയ്‌ന ദ് ഹിന്ദുവിനോട് വ്യക്തമാക്കി. 

ഇന്ത്യന്‍ ടീമില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ധോണി എപ്പോള്‍ ദേശീയ കുപ്പായത്തില്‍ തിരിച്ചെത്തുമെന്ന് ഇപ്പോള്‍ വ്യക്തമല്ല. ധോണിയുടെ അസാന്നിധ്യത്തില്‍ യുവ താരം ഋഷഭ് പന്തിനെ മൂന്ന് ഫോര്‍മാറ്റിലും വിക്കറ്റ് കീപ്പറായി വളര്‍ത്തിയെടുക്കാനുള്ള ശ്രമത്തിലാണ് സെലക്‌ടര്‍മാരും മാനേജ്‌മെന്‍റും. എന്നാല്‍ പന്ത് ഫോമില്ലായ്‌മ തുടരുന്നതോടെ ധോണിയെ തിരിച്ചുവിളിക്കണമെന്ന ആവശ്യം ആരാധകര്‍ ഉയര്‍ത്തുന്നുണ്ട്. 

ടെസ്റ്റില്‍ നിന്ന് 2014ല്‍ വിരമിച്ചിരുന്നു എം എസ് ധോണി. ഏകദിനത്തില്‍ 350 മത്സരങ്ങള്‍ കളിച്ച ധോണി 10 ശതകങ്ങള്‍ സഹിതം 10773 റണ്‍സ് അടിച്ചുകൂട്ടി. ടി20യിലാവട്ടെ 98 മത്സരങ്ങളില്‍ 1617 റണ്‍സും നേടി. ഇന്ത്യക്ക് രണ്ട് ലോകകപ്പുകളും ചാമ്പ്യന്‍സ് ട്രോഫിയും നേടിത്തന്ന ധോണി എക്കാലത്തെയും മികച്ച നായകന്‍മാരില്‍ ഒരാളും മികച്ച ഫിനിഷറുമായാണ് വിശേഷിപ്പിക്കപ്പെടുന്നത്.