ധര്‍മ്മശാല: ക്രിക്കറ്റില്‍ നിന്ന് എപ്പോള്‍ വിരമിക്കണമെന്ന് ധോണി തീരുമാനിക്കുമെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ഇന്ത്യന്‍ ക്രിക്കറ്റിന് നല്ലത് എന്താണെന്ന് ധോണിക്ക് അറിയാമെന്നും കോലി പറഞ്ഞു. നാളത്തെ ഇന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ട്വന്‍റി 20ക്ക് മുന്നോടിയായി ധര്‍മ്മശാലയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോലി.

കഴിഞ്ഞ ദിവസം കോലിയുടെ ഒരു ട്വീറ്റോടെയാണ് ധോണി വിരമിക്കുന്നതായുള്ള അഭ്യൂഹങ്ങള്‍ കത്തിപ്പടര്‍ന്നത്. കൊല്‍ക്കത്തയില്‍ 2016 ടി20 ലോകകപ്പില്‍ ഓസീസിനെതിരെ നടന്ന മത്സരത്തിലെ ഒരു ചിത്രമാണ് കോലി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. 'ഒരിക്കലും മറക്കാനാവാത്ത മത്സരം. സ്പെഷ്യല്‍ രാത്രി. ഫിറ്റ്നസ് ടെസ്റ്റിലെ എന്നതുപോലെ ധോണി തന്നെ ഓടിച്ചു' എന്ന തലക്കെട്ടോടെയായിരുന്നു കോലിയുടെ ട്വീറ്റ്. 

ട്വീറ്റ് വന്നതോടെ ധോണി വിരമിക്കാനൊരുങ്ങുന്നുവെന്ന് പ്രചാരണങ്ങളുണ്ടായി. വിരമിക്കല്‍ വാര്‍ത്ത കോലിയെ ധോണിയെ അറിയിച്ചുവെന്നും കഥകള്‍ പിറന്നു. എന്നാല്‍ ധോണിയുടെ വിരമിക്കല്‍ വാര്‍ത്ത തള്ളി ചീഫ് സെലക്റ്റര്‍ എം എസ് കെ പ്രസാദ്. വിരമിക്കല്‍ സംബന്ധിച്ചുള്ള പ്രചാരണങ്ങള്‍ അഭ്യൂഹം മാത്രമാണ് എന്നായിരുന്നു ധോണിയുടെ ഭാര്യ സാക്ഷിയുടെ പ്രതികരണം.