ചെന്നൈ: രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചശേഷം ധോണി വീണ്ടും ക്രീസിലിറങ്ങിയതിനെ ആവേശത്തോടെ വരവേറ്റ് ചെന്നൈ സൂപ്‍പര്‍ കിംഗ്സ് താരങ്ങളും ആരാധകരും. ഐപിഎല്ലില്‍ പങ്കെടുക്കാനായി യുഎഇയിലേക്ക് വിമാനം കയറും മുമ്പ് ചെന്നൈയില്‍ ടീം അംഗങ്ങള്‍ ചെറിയ രീതിയില്‍ പരിശീലനം നടത്തിയിരുന്നു. തല ധോണിക്കൊപ്പം ചെന്നൈയുടെ ചിന്നത്തലയായ സുരേഷ് റെയ്ന, ദീപക് ചാഹര്‍, പിയൂഷ് ചൗള എന്നിവരും പരിശീലനത്തിന് ഇറങ്ങിയെങ്കിലും ധോണി തന്നെയായിരുന്നു ശ്രദ്ധാകേന്ദ്രം.

ബൗളിംഗിലൂടെ തുടങ്ങിയ ധോണി ബാറ്റെടുത്തപ്പോള്‍ പഴയ പ്രതാപത്തെ അനുസ്മരിപ്പിച്ചാണ് ബാറ്റ് വീശിയത്. നെറ്റ്സില്‍ പരിശീലനത്തിനിടെ കൂറ്റന്‍ സിക്സുകള്‍ പായിക്കുന്ന ധോണിയുടെ വീഡിയോ ചെന്നൈ സൂപ്പര്‍ കിംഗ്സാണ് ആരാധകര്‍ക്കായി പങ്കുവെച്ചത്. ക്രീസിന് പുറത്തേക്ക് ചാടിയിറങ്ങി ധോണി പായി ഒരു സിക്സര്‍ കണ്ട് ആവേശത്തോട് സുരേഷ് റെയ്ന വിസിലടിക്കുന്നതും വിഡീയോയിലുണ്ട്.

നേരത്തെ ധോണിയും റെയ്നയും ജഡേജയും യുഎഇയിലേക്ക് പോകാനൊരുങ്ങുന്നതിന്റെ ചിത്രങ്ങള്‍ ചെന്നൈ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഇന്ന് യുഎഇയിലേക്ക് തിരിക്കുന്ന ചെന്നൈ ടീം അംഗങ്ങള്‍ക്കൊപ്പം ഹര്‍ഭജന്‍ സിംഗ് ഉണ്ടാവില്ല. വ്യക്തിപരമായ കാരണങ്ങളാലാണ് ഹര്‍ഭജന്‍ യുഎഇയിലേക്കുള്ള യാത്ര നീട്ടിയത്. അടുത്ത ആഴ്ച ഹര്‍ഭജന്‍ ടീമിനൊപ്പം ചേരുമെന്നാണ് സൂചന.