ഹൈദരാബാദ്:  ലോകകപ്പ് ക്രിക്കറ്റില്‍ മധ്യനിരയില്‍ എം എസ് ധോണിയുടെ ബാറ്റിംഗിനെക്കുറിച്ച് വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും ധോണിക്ക് ശക്തമായ പിന്തുണയുമായി സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം എസ് കെ പ്രസാദ്. ധോണി തന്നെയാണ് രാജ്യത്തെ ഏറ്റവും മികച്ച കീപ്പറും ഫിനിഷറുമെന്ന് പ്രസാദ് പറഞ്ഞു.

ലോകകപ്പില്‍ ധോണിയുടെ സാന്നിധ്യം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് ഏറെ സഹായകരമായിരുന്നു. കീപ്പറെന്ന നിലയിലും ബാറ്റ്സ്മാന്‍ എന്ന നിലയിലും ധോണി ലോകകപ്പ് ടീമിലെ കരുത്തുറ്റ സാന്നിധ്യമായിരുന്നു. ഓണ്‍ ഫീല്‍ഡ് തീരുമാനങ്ങള്‍ എടുക്കുമ്പോഴും ധോണിയുടെ പരിചയസമ്പത്ത് കോലിക്ക് ഏറെ ഗുണകരമായി.

ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്തുകൊണ്ട് പറയട്ടെ ധോണി തന്നെയാണ് രാജ്യത്തെ ഏറ്റവും മികച്ച കീപ്പറും ഫിനിഷറും. മറ്റ് യുവതാരങ്ങളെല്ലാം വളര്‍ന്നുവരുന്നവരാണെന്നും എം എസ് കെ പ്രസാദ് പറഞ്ഞു. ലോകകപ്പില്‍ മധ്യനിരയില്‍ ധോണിയുടെ മെല്ലെപ്പോക്കാണ് ഇന്ത്യയുടെ സെമിയിലെ തോല്‍വിക്ക് കാരണമായതെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. പല മത്സരങ്ങളിലും ധോണിയുടെ മെല്ലെപ്പോക്ക് ഇന്ത്യയുടെ സ്കോറിംഗ് വേഗം കുറക്കുകയും ചെയ്തിരുന്നു.

സൈനിക സേവനത്തിനായി വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് വിട്ടു നില്‍ക്കുയാണ് ധോണി.