കറാച്ചി: പാക്കിസ്ഥാന്‍ അടുത്തക്കാലത്ത് ഉയര്‍ത്തിക്കൊണ്ടുവന്നതില്‍ മികച്ച പേസര്‍മാരിര്‍ ഒരാളായിരുന്നു മുഹമ്മദ് അമിര്‍. പന്ത് രണ്ട് വശത്തേക്കും സ്വിങ് ചെയ്യിക്കുന്നതില്‍ മിടുക്കനായിരുന്നു പേസര്‍. മുമ്പെല്ലാം ബാറ്റ്‌സ്മാന്മാരെ ഞെട്ടിപ്പിച്ചിട്ടുള്ള അമിര്‍ പഴയകാലത്തിന്റെ നിഴലില്‍ പോലുമില്ല. കഴിഞ്ഞ 14 മത്സരങ്ങളില്‍ അഞ്ച് വിക്കറ്റ് മാത്രമെടുത്ത അമിറിനെ ലോകകപ്പിനുള്ള ടീമില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. എന്നാല്‍ ഇംഗ്ലണ്ട് പര്യടനത്തിനുള്ള പാക് ടീമില്‍ അമിറുണ്ട്.

ലോകകപ്പ് ടീം പ്രഖ്യാപനത്തിന് പിന്നാലെ താരം ഒരു പോസ്റ്റ് ട്വീറ്റ് ചെയ്തു. ടീമില്‍ നിന്ന് പുറത്താണെങ്കിലും താരം നിരാശയൊന്നും താരം കാണിച്ചില്ല. പകരം ടീമിന് പിന്തുണയുണ്ടായിരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുക്കൊണ്ടായിരുന്നു അമിറിന്റെ ട്വീറ്റ്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും അമിര്‍ ട്വീറ്റില്‍ പറയുന്നു. ട്വീറ്റ് ഇങ്ങനെ... 

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള പാക് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതില്‍ ഏറെ സന്തോഷം. ഇംഗ്ലണ്ടിനെതിരെ എന്റെ 100 ശതമാനം പ്രകടനം പുറത്തെടുക്കും. ലോകകപ്പിന് ഒരുങ്ങുന്ന പാക്കിസ്ഥാന്‍ ടീമിന് എല്ലാവിധ ആശംസകളും. ചിലപ്പോള്‍ ലോകകപ്പ് പാക്കിസ്ഥാനിലെത്തും. ടീമിനെ പിന്തുണക്കൂ.. 

ഇംഗ്ലണ്ടില്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ ആമിറിന് ടീമില്‍ കയറാനുള്ള  അവസരമുണ്ട്. മെയ് 23വരെ ടീമില്‍ മാറ്റം വരുത്താന്‍ ഐസിസി അനുവദിക്കുന്നുണ്ട്.