35 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ഹാര്‍ദ്ദിക് തമോറെ(35)ക്കൊപ്പം എട്ടാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ ഷാര്‍ദ്ദുലാണ് മുംബൈക്ക് നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ് സമ്മാനിച്ചത്. ഒമ്പതാം വിക്കറ്റില്‍ തനുഷ് കൊടിയനൊപ്പം അര്‍ധസെഞ്ചുറി കൂട്ടുകെട്ടിലും ഷാര്‍ദ്ദുല്‍ പങ്കാളിയായി.
മുംബൈ: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ തമിഴ്‌നാടിനെതിരെ വാലറ്റത്തിന്‍റെ ബാറ്റിംഗ് കരുത്തില്‍ വമ്പന്‍ തിരിച്ചുവരവ് നടത്തി മുംബൈ. തമിഴ്നാടിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 146 റണ്‍സിന് മറുപടിയായി രണ്ടാം ദിനം 106-7 ലേക്ക് തകര്‍ന്നടിഞ്ഞ മുംബൈ വാലറ്റത്ത് ഷാര്‍ദ്ദുല്‍ താക്കൂറിന്‍റെ സെഞ്ചുറി കരുത്തില്‍ മികച്ച ഒന്നാം ഇന്നിംഗ്സ് ലീഡിലേക്ക് നീങ്ങുകയാണ്. രണ്ടാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മുംബൈ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 263 റണ്‍സെന്ന നിലയിലാണ്.
89 പന്തില്‍ സെഞ്ചുറിയിലെത്തിയ ഷാര്‍ദ്ദുല്‍ 101 റണ്‍സുമായും തനുഷ് കൊടിയൻ 22 റണ്‍സുമായും ക്രീസിലുണ്ട്. 13 ഫോറും നാലു സിക്സും അടങ്ങുന്നതാണ് ഷാര്‍ദ്ദുലിന്‍റെ വെടിക്കെട്ട് സെഞ്ചുറി. 35 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ഹാര്‍ദ്ദിക് തമോറെ(35)ക്കൊപ്പം എട്ടാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ ഷാര്‍ദ്ദുലാണ് മുംബൈക്ക് നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ് സമ്മാനിച്ചത്. ഒമ്പതാം വിക്കറ്റില്‍ തനുഷ് കൊടിയനൊപ്പം അര്‍ധസെഞ്ചുറി കൂട്ടുകെട്ടിലും ഷാര്‍ദ്ദുല്‍ പങ്കാളിയായി.
നേരത്തെ പൃഥ്വി ഷായും ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെയും ഇന്ത്യന്‍ താരം ശ്രേയസ് അയ്യരും അടക്കമുള്ള മുന്‍നിര നിരാശപ്പെടുത്തിയപ്പോള്‍ 55 റണ്‍സെടുത്ത ഇന്ത്യന്‍ താരം സര്‍ഫറാസ് ഖാന്‍റെ സഹോദരന്‍ മുഷീര്‍ ഖാന്‍ മാത്രമാണ് മുംബൈക്കായി പൊരുതിയത്. തമിഴ്നാടിനായി ക്യാപ്റ്റന്‍ സായ് കിഷോര്‍ ആറ് വിക്കറ്റെടുത്തു.
തിഴ്നാടിനെ കുറഞ്ഞ സ്കോറില്‍ ഒതുക്കിയെങ്കിലും പൃഥ്വി ഷാ(5), ഭൂപെന്‍ ലവ്‌ലാനി(15), മോഹിത് അവാസ്തി(2), അജിങ്ക്യാ രഹാനെ(19), ശ്രേയസ് അയ്യര്‍(3) എന്നിവര്‍ പെട്ടെന്ന് മടങ്ങിയതോടെ മുംബൈ സമ്മര്‍ദ്ദത്തിലായി. ടീം സ്കോര്‍ 100 കടന്നതിന് പിന്നാലെ അര്‍ധസെഞ്ചുറിയുമായി പിടിച്ചു നിന്ന മുഷീര്‍ ഖാനും വീണു. രഞ്ജി ട്രോഫി കളിക്കാന്‍ വിസമ്മതിച്ചതിന്‍റെ പേരില്‍ ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ നിന്ന് പുറത്തായ ശ്രേയസ് ആറാം നമ്പറിലാണ് മുംബൈക്കായി ബാറ്റിംഗിനിറങ്ങിയത്.
എട്ട് പന്തില്‍ മൂന്ന് റണ്‍സെടുത്ത ശ്രേയസിനെ മലയാളി പേസര്‍ സന്ദീപ് വാര്യര്‍ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. രഞ്ജിയില്‍ നിരാശജനമായ പ്രകടനം തുടരുന്ന അജിങ്ക്യാ രഹാനെയാകട്ടെ 67 പന്തില്‍ 19 റണ്‍സെുത്ത് നല്ല തുടക്കമിട്ടെങ്കിലും സായ് കിഷോറിന്‍റെ പന്തില്‍ ബാബാ ഇന്ദ്രജിത്തിന് ക്യാച്ച് സമ്മാനിച്ച് മടങ്ങി. തമിഴ്നാടിനായി ക്യാപ്റ്റന്‍ സായ് കിഷോര്‍ ആറു വിക്കറ്റെടുത്തപ്പോള്‍ സന്ദീപ് വാര്യരും കുൽദീപ് സെന്നും ഓരോ വിക്കറ്റെടുത്തു. ഇന്നലെ തമിഴ്നാട് ഒന്നാം ഇന്നിംഗ്സില്‍ 146 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. 44 റണ്‍സെടുത്ത വിജയ് ശങ്കറും 43 റണ്‍സെടുത്ത വാഷിംഗ്ടണ്‍ സുന്ദറും മാത്രമാണ് തമിഴ്നാടിനായി പൊരുതിയത്. മുംബൈക്കായി തുഷാര്‍ ദേശ്പാണ്ഡെ നാലു വിക്കറ്റെടുത്തു.
