ബംഗളൂരു: വിജയ് ഹസാരെ ട്രോഫിയില്‍ തമിഴ്‌നാടും ഛത്തീസ്ഗഡും സെമിയില്‍ പ്രവേശിച്ചു. മുംബൈയെ മറികടന്നാണ് ഛത്തീസ്ഗഡ് സെമിയില്‍ കടന്നത്. തമിഴ്‌നാട് പഞ്ചാബിനെ മറികടന്നു. മഴ കാരണം ഇരു മത്സരങ്ങള്‍ക്കും ഫലമുണ്ടായിരുന്നില്ല. തുടര്‍ന്ന് ലീഗ് മത്സരങ്ങളില്‍ കൂടുതല്‍ വിജയം നേടിയ ടീമുകളെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. ഛത്തീസ്ഗഡ്- കര്‍ണാടക, തമിഴ്‌നാട്- ഗുജറാത്ത് തമ്മിലാണ് സെമി ഫൈനല്‍ മത്സരങ്ങള്‍. 23നാണ് സെമി.

മുംബൈക്കെതിരെ ഛത്തീസ്ഗഡ് 45.4 ഓവറില്‍ ആറിന് 190 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് മഴയെത്തിയത്. തുടര്‍ന്ന് വി ജെ ഡി നിയമപ്രകാരം മുംബൈയുടെ വിജയലക്ഷ്യം 40 ഓവറില്‍ 192 ആക്കി പുനര്‍നിശ്ചയച്ചു. ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മുംബൈ 11.3 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 95ല്‍ നില്‍ക്കെ വീണ്ടും മഴയെത്തി. പിന്നീട് മത്സരം തുടരാനായില്ല. ഇതോടെ ഛത്തീഗഡിനെ വിജയികളായി പ്രഖ്യാപിച്ചു.

പഞ്ചാബിനെതിരെ ആദ്യം ബാറ്റ് ചെയ്ത തമിഴ്‌നാട് 39 ഓവറില്‍ ആറിന് 174ല്‍ എത്തിനില്‍ക്കെയാണ് മഴയെത്തിയത്. പിന്നീട് പഞ്ചാബിന്റെ വിജയലക്ഷ്യം 39 ഓവറില്‍ 195 ആക്കി പുതുക്കി നിശ്ചയിച്ചു. എന്നാല്‍ രണ്ടിന് 52 എന്ന നിലയില്‍ നില്‍ക്കെ വീണ്ടും മഴയെത്തി. മത്സരം ഉപേക്ഷിക്കേണ്ടി വന്നു. ഇതോടെ തമിഴ്‌നാട് സെമി ഉറപ്പിച്ചു.