ഏഷ്യാ കപ്പില്‍ ഇന്ത്യയോട് ദയനീയമായി തോറ്റ പാകിസ്ഥാന്‍ ടീമിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. ഇന്ത്യൻ ആഭ്യന്തര ടീമുകൾക്കോ ഐപിഎൽ ടീമുകൾക്കോ പോലും പാകിസ്ഥാനെ എളുപ്പത്തിൽ തോൽപ്പിക്കാനാകുമെന്ന് പത്താൻ.

ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യയോട് ദയനീയ തോല്‍വി വഴങ്ങിയ പാകിസ്ഥാന്‍ ടീമിനെ പൊരിച്ച് മുന്‍ ഇന്ത്യൻ താരം ഇര്‍ഫാന്‍ പത്താന്‍. ഏഷ്യാ കപ്പില്‍ ഞായറാഴ്ച നടന്ന മത്സരത്തില്‍ ഇന്ത്യയോട് പാകിസ്ഥാന്‍ ഏഴ് വിക്കറ്റിന് തോറ്റിരുന്നു. പാകിസ്ഥാന്‍ ഉയര്‍ത്തിയ 128 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 25 പന്ത് ബാക്കി നിര്‍ത്തിയാണ് മറികടന്നത്. പാക് ടീമിന്‍റെ പോരാട്ടവീര്യമില്ലായ്മയെ ആണ് ഇര്‍ഫാന്‍ പത്താന്‍ സോണി സ്പോര്‍ട്സിന് നല്‍കിയ അഭിമുഖത്തില്‍ വിമര്‍ശിച്ചത്.

ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റ് ടീമുകളായ മുംബൈക്കോ പഞ്ചാബിനോ ഇനി ഏതെങ്കിലും ഐപിഎല്‍ ടീമിനോ പോലും ഈ പാക് ദേശീയ ടീമിനെ തോല്‍പ്പിക്കാനാവുമെന്ന് പത്താന്‍ പറഞ്ഞു. ഇന്ത്യയിലെ ഏത് ടീമുകള്‍ക്ക് പാകിസ്ഥാനെ തോല്‍പ്പിക്കാനാവുമെന്ന് നിങ്ങള്‍ ചോദിച്ചാല്‍, തീര്‍ച്ചയായും മുംബൈക്ക് തോല്‍പിക്കാനാവും, പഞ്ചാബിന് തോല്‍പിക്കാനാവും, ഇനി ഐപിഎല്‍ ടീമുകളുടെ കാര്യമെടുത്താലും ഒരു പാട് ടീമുകള്‍ക്ക് ഈ പാക് ടീമിനെ അനായാസം തോല്‍പ്പിക്കാനാവുമെന്ന് പത്താന്‍ പറഞ്ഞു.

ചര്‍ച്ചയില്‍ പങ്കെടുത്ത ഇന്ത്യയുടെ മുന്‍ സഹപരിശീലകനായ അഭിഷേക് നായരും പത്താന്‍റെ അഭിപ്രായത്തോട് യോജിച്ചു. പാകിസ്ഥാനെതിരായ മത്സരം ഇന്ത്യക്ക് വെറും സന്നാഹ മത്സരം മാത്രമായിരുന്നുവെന്ന് അഭിഷേക് നായര്‍ പറഞ്ഞു. ടോസ് ജയിച്ച് ബാറ്റിംഗ് തെരഞ്ഞടുത്തത് മുതല്‍ പാകിസ്ഥാന്‍ ചിത്രത്തിലേ ഇല്ലായിരുന്നു. ഇന്ത്യൻ താരങ്ങള്‍ ഇന്ത്യൻ താരങ്ങളോട് തന്നെയാണ് മത്സരിച്ചത്, വെറുമൊരു പരിശീലന മത്സരത്തിന്‍റെ ലാഘവത്തോടെയാണ് അവര്‍ ഈ മത്സരത്തെ കണ്ടതെന്നും അഭിഷേക് നായര്‍ പറഞ്ഞു.

അടിച്ചിരുത്തിയ വിജയം

ഏഷ്യാ കപ്പിലെ അഭിമാന പോരാട്ടത്തില്‍ ഇന്നലെ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ സൂപ്പര്‍ ഫോര്‍ ഉറപ്പാക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ ഉയര്‍ത്തിയ 128 റണ്‍സ് വിജയലക്ഷ്യം 25 പന്തും ഏഴ് വിക്കറ്റും ബാക്കി നിര്‍ത്തിയാണ് ഇന്ത്യ അടിച്ചെടുത്തത്. ഏഴ് പന്തില്‍ 10 റൺസെടുത്ത ശുഭ്മാന്‍ ഗില്‍, 13 പന്തില്‍ 31 റണ്‍സടിച്ച അഭിഷേക് ശര്‍മ, 31 പന്തില്‍ 31 റണ്‍സെടുത്ത തിലക് വര്‍മ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 37 പന്തില്‍ 47 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ശിവം ദുബെ ഏഴ് പന്തില്‍ 10 റണ്‍സുമായി പുറത്താകാതെ നിന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക