ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോട് 18 റണ്‍സിനാണ് ടീം പരാജയപ്പെട്ടത്.
മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി. ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ 18 റണ്‍സിന്റെ തോല്‍വിയാണ് മുംബൈ നേരിട്ടത്. മുംബൈ, വാംഖഡെ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആര്‍സിബി നാല് വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സാണ് നേടിയത്. ഫില്‍ സാള്‍ട്ട് (36 പന്തില്‍ 78), രജത് പടിധാര്‍ (20 പന്തില്‍ 53), വിരാട് കോലി (38 പന്തില്‍ 50) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ആര്‍സിബിയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ മുംബൈക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സെടുക്കാനാണ് സാധിച്ചത്.
31 പന്തില്‍ പുറത്താവാതെ 71 റണ്‍സ് നേടിയ ഷെഫാനെ റുതര്‍ഫോര്‍ഡാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. 22 പന്തില്‍ 40 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയും മികച്ച പ്രകടനം പുറത്തെടുത്തു. സൂര്യകുമാര്‍ യാദവ് 22 പന്തില്‍ 33 റണ്‍സെടുത്തും മടങ്ങി. ഇതിനിടെ രോഹിത് ശര്‍മ (19) റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങിയതും മുംബൈക്ക് തിരിച്ചടിയായി. റിയാന്‍ റിക്കിള്‍ട്ടണ്‍ (22 പന്തില്‍ 37) - രോഹിത് സഖ്യം ഒന്നാം വിക്കറ്റില്‍ 57 റണ്‍സ് ചേര്‍ത്തിരുന്നു. എന്നാല്‍ രോഹിത്തിന് പേശി വലിവിനെ തുടര്‍ന്ന് മടങ്ങേണ്ടി വന്നു. വൈകാതെ റിക്കിള്‍ട്ടണ്‍ മടങ്ങി. തിലക് വര്‍മയ്ക്ക് (1) തിളങ്ങാനായതുമില്ല.
സൂര്യകുമാര്‍ - ഹാര്‍ദിക് സഖ്യം 47 റണ്‍സ് ചേര്‍ത്ത് നേരിയ പ്രതീക്ഷ നല്‍കി. എന്നാല്‍ 13-ാം ഓവറില്‍ സൂര്യ മടങ്ങി. പിന്നാലെ ഹാര്‍ദിക്കും നമന്‍ ധിറും (1) കൂടാരം കയറി. റുതര്‍ഫോര്‍ഡ്, മിച്ചല്‍ സാന്റ്‌നര്‍ (8) എന്നിവരുടെ ഇന്നിംഗ്‌സുകള്‍ മുംബൈയുടെ തോല്‍വിഭാരം കുറയ്ക്കാന്‍ വേണ്ടി മാത്രമാണ് സഹായിച്ചത്. ഒമ്പത് സിക്‌സും ഒരു ഫോറും ഉള്‍പ്പെടുന്നതായിരുന്നു റുതര്‍ഫോര്‍ഡിന്റെ ഇന്നിംഗ്‌സ്.
നേരത്തെ, സാള്‍ട്ട് - കോലി സഖ്യം തകര്‍പ്പന്‍ തുടക്കമാണ് ആര്‍സിബിക്ക് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 120 റണ്‍സ് ചേര്‍ത്തു. 11-ാം ഓവറില്‍ സാള്‍ട്ടിനെ മടക്കി ഷാര്‍ദുല്‍ താക്കൂറാണ് മുംബൈക്ക് ബ്രേക്ക് ത്രൂ നല്‍കുന്നത്. ആറ് വീതം സിക്‌സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു സാള്‍ട്ടിന്റെ ഇന്നിംഗ്‌സ്. തുടര്‍ന്ന് കോലി-പടിധാര്‍ സഖ്യം 65 റണ്‍സ് കൂട്ടിചേര്‍ത്തു. ശേഷം കോലി മടങ്ങി. ഒരു സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു കോലിയുടെ ഇന്നിംഗ്‌സ്.
വൈകാതെ പടിധാര്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. കൂടെ ടിം ഡേവിന്റെ (16 പന്തില്‍ പുറത്താവാതെ 34) ഇന്നിംഗ്‌സ് കൂടിയായപ്പോള്‍ ആര്‍സിബി കൂറ്റന്‍ സ്‌കോറിലെത്തി. ജിതേഷ് ശര്‍മയാണ് (10) പുറത്തായ മറ്റൊരു താരം. റൊമാരിയ ഷെപ്പേര്‍ഡ് (2) ഡേവിഡിനൊപ്പം പുറത്താവാതെ നിന്നു.

