മുംബൈ: വിന്‍ഡീസിനെതിരായ മൂന്നാം ടി20യിലെ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ തകര്‍പ്പന്‍ അര്‍ധ സെഞ്ചുറി ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മ്മയ്‌ക്കുള്ള വിവാഹ വാര്‍ഷിക സമ്മാനം. ഇരുവരുടെയും രണ്ടാം വിവാഹ വാര്‍ഷികമായിരുന്നു ഇന്നലെ. മാന്‍ ഓഫ് ദ് സീരിസ് പുരസ്‌കാരം നേടിയും കോലി വിവാഹ വാര്‍ഷികം ഇരട്ടിമധുരമാക്കി. 

"ഇതൊരു പ്രത്യേക ഇന്നിംഗ്‌സും രണ്ടാം വിവാഹ വാര്‍ഷികവുമാണ് ഇന്ന്. അതുകൊണ്ട് ഇതൊരു പ്രത്യേക സമ്മാനമാണ്. ഞാന്‍ കളിച്ച ഏറ്റവും മികച്ച ഇന്നിംഗ്‌സുകളിലൊന്നാണിത്"- ഇതായിരുന്നു മത്സരശേഷം കോലിയുടെ പ്രതികരണം. ഇറ്റലിയില്‍ 2017 ഡിസംബര്‍ 11നായിരുന്നു വിരുഷ്‌ക വിവാഹം. 

മുംബൈയില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 240 റണ്‍സെടുത്തപ്പോള്‍ കോലി 29 പന്തില്‍ പുറത്താകാതെ 70 റണ്‍സ് നേടി. നാല് ഫോറും ഏഴ് സിക്‌സും സഹിതമായിരുന്നു കോലിയുടെ ഇന്നിംഗ്‌സ്. രോഹിത് ശര്‍മ്മ 34 പന്തില്‍ 71 റണ്‍സും കെ എല്‍ രാഹുല്‍ 56 പന്തില്‍ 91 റണ്‍സും നേടി. കോലി തകര്‍ത്താടിയ മത്സരത്തില്‍ ടീം ഇന്ത്യ 67 റണ്‍സിന് വിജയിച്ച് പരമ്പര സ്വന്തമാക്കി. വിജയലക്ഷ്യമായ 241 റണ്‍സ് പിന്തുടര്‍ന്ന വിന്‍ഡീസ് എട്ടിന് 173ലൊതുങ്ങുകയായിരുന്നു.