വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന രഞ്ജി ട്രോഫി ഫൈനലില്‍ രണ്ടാം ഇന്നിംഗ്‌സില്‍ 95 റണ്‍സിന് പുറത്താവുമ്പോള്‍ താരത്തിന് പുറംവേദനയുണ്ടായിരുന്നു.

മുംബൈ: ഇന്ത്യന്‍ താരം ശ്രേയസ് അയ്യര്‍ക്ക് വീണ്ടും പരിക്കേറ്റത് കടുത്ത വിവാദമായിരുന്നു. വ്യാഴാഴ്ച നടന്ന രഞ്ജി ട്രോഫി ഫൈനലില്‍ വിദര്‍ഭയെ നേരിടുമ്പോഴാണ് ശ്രേയസിന് പുറംവേദന അനുഭവപ്പെടുന്നത്. തുടര്‍ന്ന് അവസാന ഘട്ടത്തില്‍ താരം കളിച്ചിരുന്നില്ല. വരാനിരിക്കുന്ന ഐപിഎല്ലില്‍ തുടക്കിലെ ചില മത്സരങ്ങള്‍ ശ്രേയസിന് നഷ്ടമാകുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാലിപ്പോള്‍ മുംബൈ ടീം മാനേജര്‍ പറയുന്നത് അത്തരത്തില്‍ ഒരു പേടിയും പേടിക്കേണ്ടെന്നാണ്.

ഐപിഎല്‍ തുടക്കം മുതല്‍ ശ്രേയസിന് കളിക്കാനാകുമെന്നാണ് മാനേജര്‍ ഭൂഷണ്‍ പാട്ടീല്‍ പറയുന്നത്. ഉടന്‍ തന്നെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം ചേരുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു. മാനേജരുടെ വാക്കുകള്‍... ''ആശങ്കയ്ക്കുള്ള വകയൊന്നിമില്ല. ശ്രേയസ് സുഖമായിരിക്കുന്നു. രണ്ട് ദിവസത്തിനുള്ളില്‍ ഐപിഎല്‍ തയ്യാറെടുപ്പിനായി അദ്ദേഹം കൊല്‍ക്കത്തയിലേക്ക് പോകും.'' അദ്ദേഹം വ്യക്തമാക്കി.

വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന രഞ്ജി ട്രോഫി ഫൈനലില്‍ രണ്ടാം ഇന്നിംഗ്‌സില്‍ 95 റണ്‍സിന് പുറത്താവുമ്പോള്‍ താരത്തിന് പുറംവേദനയുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യന്‍ താരം പുറംവേദനയെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായിരുന്നത്. അടുത്തിടെ ബിസിസിഐ വാര്‍ഷിക കരാറില്‍ നിന്ന് ഒഴിവാക്കപ്പെട്ട താരമാണ് ശ്രേയസ്. ആഭ്യന്തര മത്സരങ്ങള്‍ കളിച്ചില്ലെന്ന കാരണം മുന്‍നിര്‍ത്തിയാണ് ശ്രേയസിനെ കരാറില്‍ നിന്നൊഴിവാക്കിയത്.

കോണ്‍വെ മാത്രമല്ല, മറ്റൊരു സൂപ്പര്‍താരം കൂടി പുറത്ത്! കിരീടം നിലനിര്‍ത്താനൊരുങ്ങുന്ന സിഎസ്‌കെയ്ക്ക് തിരിച്ചടി

ഇംഗ്ലണ്ടിനെതിരെ ആദ്യ രണ്ട് ടെസ്റ്റിലും ശ്രേയസ് കളിച്ചിരുന്നു. പിന്നാലെ പുറംവേദനയെ തുടര്‍ന്ന് നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലെത്തി. ദിവസങ്ങള്‍ക്ക് ശേഷം താരത്തിന് ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റും ലഭിച്ചിരുന്നു. എന്നാല്‍ രഞ്ജി മത്സരങ്ങളില്‍ നിന്ന് ശ്രേയസ് വിട്ടുനിന്നു. പരിക്ക് പൂര്‍ണമായും മാറിയില്ലെന്ന് ശ്രേയസ് അറിയിക്കുകയായിരുന്നു. പിന്നാലെ ബിസിസിഐ താരത്തിന്റെ കരാര്‍ റദ്ദാക്കി. ഇതോടെ രഞ്ജി മത്സരങ്ങള്‍ കളിക്കാന്‍ ശ്രേയസ് നിര്‍ബന്ധിതനായി. സെമി ഫൈനലില്‍ തമിഴ്നാടിനെതിരെ രണ്ട് ഇന്നിംഗ്സിലും ശ്രേയസ് കളിച്ചിരുന്നു.