അവസാന ദിനം രവീന്ദ്ര ജഡേജ സാക് ക്രോളിക്കെതിരെ പന്തെറിയാന്‍ തയാറെടുക്കുന്നതിനിടെയായിരുന്നു പന്തിന്‍റെ വൈറല്‍ ഡയലോഗ്.

ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ ലീഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ അഞ്ച് വിക്കറ്റ് തോല്‍വി വഴങ്ങി പരമ്പരയില്‍ 0-1ന് പിന്നിലായെങ്കിലും രണ്ട് ഇന്നിംഗ്സിലും സെഞ്ചുറിയുമായി തിളങ്ങി റിഷഭ് പന്ത് റെക്കോര്‍ഡിട്ടിരുന്നു. എന്നാല്‍ മത്സരത്തിനിടെ അമ്പയറുമായി തര്‍ക്കിച്ചതിന് റിഷഭ് പന്തിനെ ഐസിസി അച്ചടക്ക നടപടിയെടുക്കുകയും ചെയ്തു. മത്സരത്തില്‍ ഉപയോഗിച്ച ഡ്യൂക്ക് പന്തുകള്‍ പലപ്പോഴും പെട്ടെന്ന് ഷേപ്പ് മാറുന്നത് ഇന്ത്യ നിരവധി തവണ അമ്പയര്‍മാരുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു.

ഇംഗ്ലണ്ടിന്‍റെ ആദ്യ ഇന്നിംഗ്സില്‍ ബോള്‍ മാറ്റണെമന്ന് അമ്പയര്‍ പോള്‍ റീഫലിനോട് റിഷഭ് പന്ത് ആവശ്യപ്പെട്ടെങ്കിലും പന്ത് പരിശോധിച്ച അമ്പയര്‍ അതിന് തയാറായില്ല. തുടര്‍ന്ന് അമ്പയറുടെ തീരുമാനത്തില്‍ അതൃപ്തി പരസ്യമാക്കി ബോള്‍ വലിച്ചെറിഞ്ഞതിനായിരുന്നു റിഷഭ് പന്തിനെതിരെ ഐസിസി അച്ചടക്ക നടപടിയെടുത്തത്. എന്നാല്‍ ഇതൊന്നും തന്നെ ബാധിക്കുന്നതല്ല എന്ന് വ്യക്തമാക്കുന്നതായിരുന്നു ലീഡ്സില്‍ അഞ്ചാം ദിനം വിക്കറ്റിന് പിന്നില്‍ നിന്ന് റിഷഭ് പന്തിന്‍റെ വാക്കുകള്‍. 

Scroll to load tweet…

അവസാന ദിനം രവീന്ദ്ര ജഡേജ സാക് ക്രോളിക്കെതിരെ പന്തെറിയാന്‍ തയാറെടുക്കുന്നതിനിടെയായിരുന്നു പന്തിന്‍റെ വൈറല്‍ ഡയലോഗ്, എന്‍റെ കളി, എന്‍റെ ബോള്‍, എന്‍റെ അമ്പയര്‍, എന്‍റെ ഫീല്‍ഡ്, ഇനി ഫീല്‍ഡിംഗും ഞാന്‍ ചെയ്യാം, എന്താണ് ജഡ്ഡു ഭായ് എന്നായിരുന്നു റിഷഭ് പന്ത് തമാശയായി പറഞ്ഞത്.

അവസാന ദിവസവും പന്തിന്‍റെ ഷേപ്പ് പോയതിനാല്‍ മാറ്റണമെന്ന് ഇന്ത്യ അമ്പയരായ പോള്‍ ഗഫാനിയോട് ആവശ്യപ്പെട്ടിരുന്നു. ഒടുവില്‍ പന്ത് പരിശോധിച്ച അമ്പയര്‍ പന്ത് മാറ്റാന്‍ തയാറായി. പന്ത് മാറ്റിയെടുത്തതോടെ ഗഫാനിയുടെ മുഖത്ത് മുഷ്ടി ചുരുട്ടി ആഘോഷപ്രകടനം നടത്തിയാണ് ജഡേജ ആഘോഷിച്ചത്. മത്സരത്തില്‍ അഞ്ച് വിക്കറ്റിന് ജയിച്ച ഇംഗ്ലണ്ട് പരമ്പരയില്‍ 0-1ന് മുന്നിലെത്തിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക