വാലറ്റത്തെ ബാറ്റിംഗ് തകര്‍ച്ച അടുത്ത മത്സരങ്ങളില്‍ ആവർത്തിക്കാതിരിക്കാന്‍ നോക്കും. കാരണം, അതൊരു നല്ല സൂചനയല്ല.
ലീഡ്സ്: ഇംഗ്ലണ്ടിനെതിരെ രണ്ടാം ഇന്നിംഗ്സില്‍ 430 റണ്‍സെങ്കിലും ലീഡ് നേടി രണ്ടാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു ലക്ഷ്യമിട്ടതെന്ന് ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍. എന്നാല്‍ അവസാന ആറ് വിക്കറ്റുകള്‍ 31 റണ്‍സിന് നഷ്ടമായത് നിര്‍ഭാഗ്യകരമായി പോയെന്നും ഗില്‍ ലീഡ്സ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് ശേഷം പറഞ്ഞു.
മത്സരത്തില്‍ ഞങ്ങൾക്ക് ഞങ്ങളുടേതായ അവസരങ്ങളുണ്ടായിരുന്നു. എന്നാല്‍ ക്യാച്ചുകള്‍ കൈവിട്ടതും ബാറ്റിംഗില്‍ വാലറ്റം പെട്ടെന്ന് തകര്‍ന്നടിഞ്ഞതും തിരിച്ചടിയായി. നാലാം ദിനം 430 റണ്‍സെങ്കിലും നേടി ഡിക്ലയര്‍ ചെയ്യുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. എന്നാല്‍ 20-25 റണ്‍സെടുക്കുന്നതിനിടെ അവസാന ആറ് വിക്കറ്റുകള്‍ നഷ്ടമായി. അവസാന ദിനം ഇംഗ്ലണ്ട് മികച്ച ഓപ്പണിംഗ് കൂട്ടുകെട്ടുയര്‍ത്തിയിട്ടും ഞങ്ങള്‍ക്ക് മത്സരത്തില്‍ തിരിച്ചുവരാന്‍ സാധ്യതകളുണ്ടായിരുന്നു. പക്ഷെ കാര്യങ്ങളൊന്നും വിചാരിച്ചപോലെ നടന്നില്ല. എങ്കിലും ടീം എന്ന നിലയില്‍ മൊത്തത്തില്‍ മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ടീമിന്‍റെ പ്രകടനത്തില്‍ അഭിമാനമുണ്ടെന്നും മത്സരശേഷമുള്ള സമ്മാനദാനച്ചടങ്ങില്‍ ഗില്‍ പറഞ്ഞു.
വാലറ്റത്തെ ബാറ്റിംഗ് തകര്‍ച്ച അടുത്ത മത്സരങ്ങളില്‍ ആവർത്തിക്കാതിരിക്കാന്‍ നോക്കും. കാരണം, അതൊരു നല്ല സൂചനയല്ല. ഇത്തരം പിച്ചുകളില്‍ അവസരങ്ങള്‍ അധികം ലഭിക്കില്ല. ലഭിച്ച അവസരങ്ങള്‍ മുതലാക്കുകയാണ് വേണ്ടതെന്നും ക്യാച്ചുകള്‍ കൈവിട്ടതിനെക്കുറിച്ച് ഗില്‍ പറഞ്ഞു. ഞങ്ങളുടേത് ഒരു യുവ ടീമാണ്. പലകാര്യങ്ങളും പഠിച്ചുവരുന്നതേയുള്ളു. വരും മത്സരങ്ങളില്‍ കൂടുതല്‍ മെച്ചപ്പെടാന്‍ ശ്രമിക്കുമെന്നും ഗില്‍ പറഞ്ഞു.
അവസാന ദിനം ആദ്യ സെഷനില്‍ ഞങ്ങള്‍ മനോഹരമായാണ് പന്തെറിഞ്ഞത്. വിക്കറ്റ് വീഴ്ത്താനായിരുന്നില്ലെങ്കിലും അധികം റണ്‍സ് വഴങ്ങിയിരുന്നില്ല. എന്നാല്‍ പന്ത് പഴകിയാല്‍ ഇംഗ്ലണ്ട് ബാറ്റര്‍മാരെ തടഞ്ഞു നിര്‍ത്തുക ബുദ്ധിമുട്ടാണെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. വിക്കറ്റ് വീഴ്ത്തുക എന്നത് മാത്രമാണ് റണ്ണൊഴുക്ക് തടയാനുള്ള ഏക മാര്‍ഗം. നിര്‍ഭാഗ്യവശാല്‍ ഇംഗ്ലണ്ട് ബാറ്റര്‍മാരുടെ ചില എഡ്ജുകളൊന്നും ഞങ്ങളുടെ ഫീല്‍ഡര്‍മാരുടെ കൈകളിലെത്തിയില്ല. പന്ത് പഴകിയശേഷം ഇംഗ്ലണ്ട് മനോഹരമായി ബാറ്റ് ചെയ്യുകയും ചെയ്തു. ഇംഗ്ലണ്ടിന്‍റെ ഓപ്പണിംഗ് കൂട്ടുകെട്ടാണ് മത്സരം ഇന്ത്യയുടെ കൈയില്‍ നിന്ന് തട്ടിയെടുത്തതെന്നും ഗില്‍ പറഞ്ഞു.


