ബംഗലൂരു: ലോകകപ്പിലെ ഇന്ത്യാ-പാക് പോരാട്ടങ്ങള്‍ എപ്പോഴും ലോകകപ്പ് ഫൈനലിനോളം തന്നെ ആരാധകരെ ആവശേത്തിലാഴ്ത്തുന്നതാണ്. ലോകകപ്പില്‍ ഇതുവരെ പാക്കിസ്ഥാന് ഇന്ത്യയെ കീഴടക്കാനുമായിട്ടില്ല. ലോകകപ്പിലെ ഇന്ത്യ-പാക് പോരാട്ടങ്ങളില്‍ ആരാധക മനസില്‍ എന്നും പച്ച പിടിച്ചു കിടക്കുന്നതാണ് 1996ല്‍ ബംഗലൂരുവില്‍ നടന്ന ഇന്ത്യ-പാക് ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍.


മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നവജ്യോത് സിദ്ദുവിന്റെ(93) അര്‍ധസെഞ്ചുറിയുടെയും അജയ് ജഡേയുടെ(25 പന്തില്‍ 45) വെടിക്കെട്ടിന്റെയും കരുത്തില്‍ 287 റണ്‍സടിച്ചു. അന്നത്തെ നിലവാരത്തില്‍ വിജയം ഉറപ്പിക്കാവുന്ന സ്കോര്‍. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന് ഓപ്പണര്‍മാരായ അമീര്‍ സൊഹലും സയ്യിദ് അന്‍വറും വെടിക്കെട്ട് തുടക്കം നല്‍കി ഇന്ത്യയെ ഞെട്ടിച്ചു. ആദ്യ പത്തോവറില്‍ 84 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചു കൂട്ടിയത്. 32 പന്തില്‍ 48 റണ്‍സെടുത്ത അന്‍വറെ ശ്രീനാഥ് പുറത്താക്കിയപ്പോള്‍ 46 പന്തില്‍ 55 റണ്‍സെടുത്ത സൊഹൈലിനെ വീഴ്ത്തി വെങ്കിടേഷ് പ്രാസാദ് പിന്നാലെ ഇജാസ് അഹ്ഹമദിനെയും ഇന്‍സമാം ഉള്‍ ഹഖിനെയും വീഴ്ത്തി ഇന്ത്യന്‍ ജയം ഉറപ്പിച്ചു.


ഇതില്‍ വെങ്കിടേഷ് പ്രസാദിനെ ബൗണ്ടറി കടത്തിയശേഷം സൊഹൈല്‍ അടുത്ത പന്ത് ഇനി ബൗണ്ടറിക്ക് പുറത്തു പതിക്കുമെന്ന് പറഞ്ഞ് ആംഗ്യം കാട്ടുകയും അടുത്ത പന്തില്‍ പ്രസാദ് സൊഹൈലിനെ ബൗള്‍ഡാക്കുകയും ചെയ്തത് ഇന്ത്യന്‍ ആരാധകരെ ഇപ്പോഴും കോരിത്തരിപ്പിക്കുന്ന മുഹൂര്‍ത്തമാണ്. പുറത്താക്കിയശേഷം സൊഹൈലിനുനേരെ തിരിഞ്ഞ് ഡ്രസ്സിംഗ് റൂമിനു നേര്‍ക്ക് വിരല്‍ ചൂണ്ടിയ പ്രസാദിനെയും മറക്കില്ല. പൊതുവെ ശാന്ത സ്വഭാവിയായ പ്രസാദിനെ അന്ന് എന്താണ് പ്രകോപിച്ചച്ചതെന്ന് അദ്ദേഹം തന്നെ തുറന്നുപറയുകയാണ്.

എന്നെ ബൗണ്ടറിയടിച്ചശേഷം തിരികെ ക്രീസിലേക്ക് പോകുകയായിരുന്നില്ല സൊഹൈല്‍ ചെയ്തത്. എനിക്കുനേരെ വിരല്‍ ചൂണ്ടി എന്തൊക്കെയോ പറഞ്ഞു. രാജ്യം മുഴവന്‍ കണ്ടുകൊണ്ടിരിക്കുന്ന ആ മത്സരത്തില്‍ ആ നിമിഷം എന്റെ ചോര തിളച്ചു. സൊഹൈലിന്റെ വിക്കറ്റ് എങ്ങനെയും വീഴ്ത്തണമെന്നായിരുന്നു അപ്പോള്‍ മനസില്‍. അടുത്ത പന്തില്‍ സൊഹൈല്‍ അമിതാവേശം കാട്ടി പുറത്തായി. അതിനുശേഷം ഡ്രസ്സിംഗ് റൂമിലേക്ക് വിരല്‍ ചൂണ്ടിയ തന്റെ പ്രവര്‍ത്തിക്ക് അച്ചടക്ക നടപടി വരാഞ്ഞത് ഭാഗ്യം കൊണ്ടാണെന്നും പ്രസാദ് പറഞ്ഞു.

അന്ന് സച്ചിനും ശ്രീനാഥും അസ്ഹറുമെല്ലാം എന്നെ പിന്തുണക്കാനെത്തി. ഇല്ലായിരുന്നെങ്കില്‍ പിഴയോ വിലക്കോ തനിക്ക് നേരിടേണ്ടിവന്നേനെയെന്നും പ്രസാദ് പറഞ്ഞു. അന്നത്തെ സംഭവം കഴിഞ്ഞ് 24വര്‍ഷമായിട്ടും ഇപ്പോഴും ആളുകള്‍ ആ സംഭവത്തെക്കുറിച്ച് തന്നോട് ചോദിക്കുമെന്നും പ്രസാദ് വ്യക്തമാക്കി.