ദുബായ്: സുരേഷ് റെയ്‌നക്കെതിരായ വിമര്‍ശനങ്ങളില്‍ മലക്കം മറിഞ്ഞ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഉടമ എന്‍ ശ്രീനിവാസന്‍. താന്‍ പറഞ്ഞ കാര്യങ്ങള്‍ സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തി മാറ്റി വിവദമാക്കുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഐപിഎല്‍ മത്സരങ്ങള്‍ക്കായി യുഎഇയില്‍ എത്തിയ റെയ്‌ന വ്യക്തിപരമായ കാരണങ്ങളാല്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. 

ദുബായില്‍ ക്വാറന്റീനില്‍ കഴിയുന്നതിനായി ഒരുക്കിയ സൗകര്യങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ച് ടീം മാനേജ്‌മെന്റുമായി ഉരസിയാണ് റെയ്‌ന ഇന്ത്യയിലേക്ക് മടങ്ങിയതെന്നാണ് വിവിധ കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം. ഇതിനെതിരെ രൂക്ഷമായ ഭാഷയിലായിരുന്നു ശ്രീനിവാസന്‍ പ്രതികരിച്ചത്. ടീം വിട്ട തീരുമാനത്തില്‍ ഖേദിക്കേണ്ടി വരുമെന്നും ലഭ്യമായ സൗകര്യങ്ങളില്‍ തൃപ്തനല്ലെങ്കില്‍ കടിച്ചു തൂങ്ങി നില്‍ക്കരുതെന്നുമാണ് ശ്രീനിവാസന്‍ പറഞ്ഞത്. 

അതേസമയം, ഐപിഎല്ലിന്റെ ആരംഭം മുതല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി വിയര്‍പ്പൊഴുക്കിയ റെയ്‌നയെ ടീം ഉടമ തള്ളിപ്പറഞ്ഞത് ആരാധകരുടെ രൂക്ഷ വിമര്‍ശനത്തിന് കാരണമായിരുന്നു. ഇതിനു പിന്നാലെയാണ് ശ്രീനിവാസന്‍ നിലപാട് മയപ്പെടുത്തിയത്. ദേശീയ മാധ്യമവുായി സംസാരിക്കുമ്പോഴാണ് താന്‍ പറഞ്ഞ കാര്യങ്ങള്‍ സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിമാറ്റി വിവാദം സൃഷ്ടിച്ചതാണെന്ന ശ്രീനിവാസന്റെ ആരോപണം. 

ഐപിഎല്ലിന്റെ ആരംഭം മുതല്‍ ഇതുവരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് റെയ്‌ന നല്‍കിയ സംഭാവനകള്‍ നിസീമമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇപ്പോള്‍ റെയ്‌ന കടന്നുപോകുന്ന പ്രത്യേക സാഹചര്യത്തില്‍ അദ്ദേഹത്തിന് വേണ്ട സ്വകാര്യത നല്‍കുകയാണ് ചെയ്യേണ്ടതെന്നും ശ്രീനിവാസന്‍ ചൂണ്ടിക്കാട്ടി.