വിരാട് കോലി ഫോം തെളിയിക്കാൻ ആഭ്യന്തര ക്രിക്കറ്റ് കളിക്കേണ്ടതില്ലെന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. 

വിരാട് കോലി ഫോം തെളിയിക്കാനായി ആഭ്യന്തര ക്രിക്കറ്റിന്റെ ഭാഗമാകേണ്ടതില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലും കോലി അസാധാരണ ഫോം തുടര്‍ന്ന പശ്ചാത്തലത്തിലാണ് കൈഫിന്റെ പ്രതികരണമുണ്ടായിരിക്കുന്നത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് 240 റണ്‍സായിരുന്നു കോലി ന്യൂസിലന്‍ഡിനെതിരെ നേടിയത്.

''ഇടവേളകളില്‍ മാത്രം കാണുന്ന ഒരു താരമായി വിരാട് മാറിയിരിക്കുന്നു. പക്ഷേ, ആദ്ദേഹം വരുന്നു, റണ്‍സ് സ്ഥിരതയോടെ നേടുന്നു, ലണ്ടണിലേക്ക് മടങ്ങുന്നു. നിരന്തരം ക്രിക്കറ്റ് കളിക്കാത്ത സാഹചര്യങ്ങളില്‍ ഇതുപോലെ സ്ഥിരതപുലര്‍ത്തുക എന്നത് അത്ര എളുപ്പമുള്ള ഒന്നല്ല. അദ്ദേഹത്തിന്റെ പാഷന്‍, ശാരീരിക ക്ഷമത, രാജ്യത്തിന് വേണ്ടി കളിക്കുന്നതിലുള്ള അഭിമാനം, കളിയേക്കുറിച്ചുള്ള അറിവ്, തയാറെടുപ്പ്, ഇതൊന്നും പകരം വെക്കാന്‍ കഴിയുന്നതല്ല. എല്ലാം അദ്ദേഹം തെളിയിച്ചിട്ടുള്ള കാര്യമാണ്,'' കൈഫ് തന്റെ യൂടൂബ് ചാനലില്‍ വ്യക്തമാക്കി.

''ഇനി കോലി ആഭ്യന്തര ക്രിക്കറ്റ് കളിക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്ന് തോന്നുന്നില്ല. മത്സരപരിശീലനം എല്ലാവര്‍ക്കും ലഭിക്കുന്ന ഒന്നാണ്. എന്നാല്‍ അദ്ദേഹത്തിന് ക്രിക്കറ്റിനോടുള്ള അഭിനിവേശം അത് മറ്റൊരിടത്തുനിന്നും വാങ്ങാന്‍ കഴിയുന്നതല്ല. എവിടെ നിന്നാണ് അദ്ദേഹത്തിന് ഇത് ലഭിക്കുന്നതെന്ന് അറിയില്ല. ഈ കഴിഞ്ഞ മത്സരത്തില്‍പ്പോലും നോക്കു, കോലിയായിരുന്നു ഇന്ത്യയുടെ പ്രതീക്ഷ. ഇപ്പോഴും ഒരു ടീമിനെതിരെ തന്നെ നിലനില്‍ക്കാന്‍ അദ്ദേഹത്തിന് കഴിയും,'' കൈഫ് കൂട്ടിച്ചേര്‍ത്തു.

ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തിയ കോലി ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ആദ്യ രണ്ട് മത്സരത്തില്‍ റണ്‍സൊന്നുമെടുക്കാതെ പുറത്തായിരുന്നു. എന്നാല്‍, സിഡ്‌നി ഏകദിനത്തില്‍ അര്‍ദ്ധ സെഞ്ചുറി നേടിയതിന് ശേഷം കോലിയുടെ ബാറ്റ് വിശ്രമിച്ചിട്ടില്ല. കഴിഞ്ഞ് ഏഴ് ഇന്നിങ്‌സുകളില്‍ നിന്ന് കോലി നേടിയത് 616 റണ്‍സാണ്. പതിവിന് വിപരീതമായി ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് കോലി ബാറ്റ് ചെയ്യുന്നത്. 108 ആണ് താരത്തിന്റെ ഇക്കാലയളവിലെ സ്‌ട്രൈക്ക് റേറ്റ് പോലും. ശരാശരി 123ല്‍ എത്തി നില്‍ക്കുന്നു. മൂന്ന് വീതം സെഞ്ചുറികളും അര്‍ദ്ധ സെഞ്ചുറികളും നേടി. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ മാത്രമാണ് കോലി പരാജയപ്പെട്ടത്.

YouTube video player