വിജയ് ഹസാരെ ട്രോഫി ഈ സീസണ്‍ തുടങ്ങുന്നതിന് മുമ്പ് 26കാരന്റെ കരിയറില്‍ മൂന്ന് ലിസ്റ്റ് എ സെഞ്ചുറികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇന്നത്തെ സെഞ്ചുറിയോടെ എട്ട് സെഞ്ചുറികള്‍ താരത്തിന്റെ പേരിലായി. 

ബംഗളൂരു: വിജയ് ഹസാരെ ട്രോഫിയില്‍ ചരിത്രനേട്ടവുമായി തമിഴ്‌നാട് ഓപ്പണര്‍ നാരായണ്‍ ജഗദീഷന്‍. അരുണാചല്‍ പ്രദേശിനെതിരെ ഇരട്ട സെഞ്ചുറി (141 പന്തില്‍ 277) നേടിയതോടെ ലിസ്റ്റ് എ മത്സരങ്ങളില്‍ തുടര്‍ച്ചയായി അഞ്ച് സെഞ്ചുറികള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് ജഗദീഷന് സ്വന്തമായത്. മുന്‍ ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാര, മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം അല്‍വിരോ പീറ്റേഴ്‌സണ്‍, ഇന്ത്യന്‍ താരം ദേവ്ദത്ത് പടിക്കല്‍ എന്നിവരെയാണ് ജഗദീഷന്‍ പിന്തള്ളിയത്. മൂവരും തുടര്‍ച്ചയായ നാല് ഇന്നിംഗ്‌സുകളില്‍ സെഞ്ചുറി നേടിയിരുന്നു. 

ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന് സ്‌കോര്‍ കൂടിയാണിത്. ഇക്കാര്യത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയേയും ജഗദീഷന്‍ പിന്തള്ളി. 264 നേടിയിട്ടുള്ള രോഹിത് മൂന്നാമനാണിപ്പോള്‍. മുന്‍ ഇംഗ്ലണ്ട് താരം എഡി ബ്രൗണിനെയാണ് (268) ജഗദീഷന്‍ പിന്തള്ളിയത്. ഓസ്‌ട്രേലിയന്‍ താരം ഡാര്‍സി ഷോര്‍ട്ട് (257), ശിഖര്‍ ധവാന്‍ (248) എന്നിവരും പട്ടികയിലുണ്ട്. 

'ഇനി അയാളുടെ കാലമാണ്'; സൂര്യകുമാറിനെ കുറിച്ചുള്ള രോഹിത് ശര്‍മ്മയുടെ 11 വര്‍ഷം പഴക്കമുള്ള ട്വീറ്റ് വൈറല്‍

ജഗദീഷന്റെയും സായ് സുദര്‍ശന്റെയും (102 പന്തില്‍ 154) കരുത്തില്‍ തമിഴ്‌നാട് 506 റണ്‍സാണ് പടുത്തുയര്‍ത്തിയത്. ഇതും റെക്കോര്‍ഡാണ്. ലിസ്റ്റ് എ ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു ടീം 500 റണ്‍സ് കടക്കുന്നത്. ഈവര്‍ഷം നെതര്‍ലന്‍ഡ്‌സിനെതിരെ ഇംഗ്ലണ്ട് നേടിയ 498 റണ്‍സാണ് പഴങ്കഥയായത്. ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടും സുദര്‍ശന്‍- ജഗദീഷന്‍ സഖ്യം സ്വന്തം പേരിലാക്കി. ഒന്നാം വിക്കറ്റില്‍ 416 റണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തത്.

വിജയ് ഹസാരെ ട്രോഫിയില്‍ ഇതുവരെ ആറ് ഇന്നിംഗുസുകളാണ് തമിഴ്‌നാട് ഓപ്പണര്‍ കളിച്ചത്. നേടിയത് 799 റണ്‍സ്. 159 റണ്‍സാണ് താരത്തിന്റെ ശരാശരി. അഞ്ച് സെഞ്ചുറികളും ഉള്‍പ്പെടും. വിജയ് ഹസാരെ ട്രോഫി ഈ സീസണ്‍ തുടങ്ങുന്നതിന് മുമ്പ് 26കാരന്റെ കരിയറില്‍ മൂന്ന് ലിസ്റ്റ് എ സെഞ്ചുറികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇന്നത്തെ സെഞ്ചുറിയോടെ എട്ട് സെഞ്ചുറികള്‍ താരത്തിന്റെ പേരിലായി. 

അരുണാചല്‍ പ്രദേശിന് രണ്ട് വിക്കറ്റ് മാത്രമാണ് വീഴ്ത്താനായത്. 19 ഫോറും രണ്ട് സിക്‌സും നേടിയ സുദര്‍ശനാണ് ആദ്യം പുറത്തായത്. എന്നാല്‍ ജഗദീഷന്‍ ക്രീസില്‍ ഉറച്ചുനിന്നു. അതിനൊപ്പം ആക്രമിക്കാനും താരം മറന്നില്ല. 141 പന്തുകള്‍ മാത്രമാണ് താരം നേരിട്ടത്. 196.45 സ്‌ട്രൈക്ക് റേറ്റിലാണ് താരം 277 റണ്‍സ് നേടുന്നത്. 25 ഫോറും 15 സിക്‌സും ജഗദീഷന്റെ ഇന്നിംഗ്‌സില്‍ ഉണ്ടായിരുന്നു. 26കാരന്‍ നേടിയ 210 റണ്‍സും ബൗണ്ടറിയിലൂടെയായിരുന്നു. 

ട്രിപ്പിള്‍ സെഞ്ചുറി പൂര്‍ത്തിയാക്കുമെന്ന് കരുതിയെങ്കിലും 42-ാം ഓവറില്‍ താരം വീണു. ജഗദീഷന്‍ മടങ്ങിയെങ്കിലും ബാബ അപരാജിത് (32 പന്തില്‍ 31), ബാബ ഇന്ദ്രജിത് (26 പന്തില്‍ 31) എന്നിവര്‍ സ്‌കോര്‍ 500 കടത്തി. 10 ഓവറില്‍ 114 റണ്‍സ് വഴങ്ങിയ ചേതന്‍ ആനന്ദാണ് ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയത്.