മുംബൈ: പിറന്നാൾ ദിനത്തിൽ ആശംസയറിയിച്ച ക്രിക്കറ്റ് താരം വിരാട് കോലിക്കും ഭാര്യ അനുഷ്‌ക ശര്‍മക്കും നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി മറുപടി നല്‍കിയത്. ആശംസയ്ക്ക് നന്ദിയറിയിച്ച അദ്ദേഹം കോലിയും അനുഷ്‌കയും മികച്ച മാതാപിതാക്കള്‍ ആയിരിക്കുമെന്ന് കുറിച്ചു. 

'നന്ദി വിരാട് കോലി. അനുഷ്‌ക ശര്‍മയെയും താങ്കളെയും അഭിനന്ദിക്കാന്‍ ഞാനും ആഗ്രഹിക്കുന്നു. നിങ്ങള്‍ മികച്ച മാതാപിതാക്കള്‍ ആയിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല', പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ഇതിനും താര ദമ്പതികൾ മറുപടി നൽകി. 'മനോഹരമായ ആശംസയ്ക്ക് നന്ദി സർ! നിങ്ങൾക്ക് ഒരു മികച്ച ജന്മദിനം ആയിരുന്നുവെന്ന് കരുതുന്നു! നിങ്ങൾക്ക് എല്ലായ്പ്പോഴും നല്ല ആരോഗ്യം നേരുന്നു', എന്നായിരുന്നു അനുഷ്കയുടെ മറുപടി. 'മനോഹരമായ ആശംസകൾക്ക് നന്ദി സർ', എന്ന് കോലിയും ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസം 70-ാം ജന്മദിനം ആഘോഷിച്ച പ്രധാനമന്ത്രിക്ക് കോലി ട്വിറ്ററിലൂടെ ആശംസകള്‍ നേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവര്‍ക്കും മറുപടിയുമായി മോദി രംഗത്തെത്തിയത്. കഴിഞ്ഞ മാസമാണ് കുഞ്ഞു പിറക്കാന്‍ പോകുന്ന കാര്യം കോലിയും അനുഷ്‌കയും ട്വിറ്ററിലൂടെ അറിയിച്ചത്. ഗര്‍ഭിണിയായ അനുഷ്‌കയെ കോലി ചേര്‍ത്തുപിടിച്ചു നില്‍ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.