ബ്രിസ്ബേന്‍: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനായി അരങ്ങേറിയ പതിനാറുകാരന്‍ നസീം ഷായുടെ പ്രായത്തെച്ചൊല്ലി പുതിയ വിവാദം. ഓസ്ട്രേലിയയില്‍ ടെസ്റ്റ് അരങ്ങേറ്റം നടത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ബൗളറെന്ന നേട്ടം കഴിഞ്ഞ ദിവസം നസീം ഷാ സ്വന്തമാക്കിയിരുന്നു.

എന്നാല്‍ പാക് മാധ്യമ പ്രവര്‍ത്തകനായ സാജ് സാദിഖ് നസീമിനെ കഴിഞ്ഞ വര്‍ഷം പതിനേഴുകാരന്‍ ബൗളറെന്ന് വിശേഷിപ്പിച്ച് ചെയ്ത ട്വീറ്റാണ് ക്രിക്കറ്റ് ലോകം ഇപ്പോള്‍ ചര്‍ച്ചയാക്കിയത്. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ക്വറ്റ ഗ്ലാഡിയേറ്റേഴ്സ് താരമായ പതിനേഴുകാരനായ നസീം പുറത്തേറ്റ പരിക്കില്‍ നിന്ന് മുക്തനാവുന്നുവെന്നും പരിശീലനം പുനരാരംഭിച്ചുവെന്നുമാണ് സാജ് സാദിഖിന്റെ ട്വീറ്റ്.

സാജ് സാദിഖിന്റെ ട്വീറ്റ് റീ ട്വീറ്റ് ചെയ്ത് ഇന്ത്യന്‍ മുന്‍ താരം മുഹമ്മദ് കൈഫ് നസീം ഷായ്ക്ക് പ്രായം ഓരോ വര്‍ഷം കൂടുമ്പോഴും കുറയുകയാണോ എന്ന് ചോദിച്ചു. ഇതാദ്യമായല്ല, പാക് ക്രിക്കറ്റില്‍ പ്രായത്തട്ടിപ്പ് ആരോപണം ഉയരുന്നത്. പാക്കിസ്ഥാനായി പതിനാറാം വയസില്‍ അരങ്ങേറിയ മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി അടുത്തിടെ തന്റെ ആത്മകഥയില്‍ അരങ്ങേറുമ്പോള്‍ തനിക്ക് ശരിക്കും 19 വയസുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയിരുന്നു.