മെല്‍ബണ്‍: ഇന്ത്യയുടെ പുതിയ വന്‍മതിലാണ് ചേതേശ്വര്‍ പൂജാരയെന്ന് ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ നഥാന്‍ ലിയോണ്‍. ഈ വര്‍ഷം അവസാനം ഇന്ത്യയുടെ ഓസീസ് പര്യടനത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് ലിയോണ്‍ ഇത്തരത്തില്‍ സംസാരിച്ചത്. ലിയോണ്‍ തുടര്‍ന്നു... ''കഴിഞ്ഞ പര്യടനത്തില്‍ ചേതേശ്വര്‍ പൂജാരയായിരുന്നു ഹീറോ. ഇന്ത്യയുടെ പരമ്പര നേട്ടത്തില്‍ പൂജാര വലിയ പങ്കുവഹിച്ചു. പരമ്പരയിലെ റണ്‍വേട്ടക്കാരനും പൂജാരയായിരുന്നു.

വരുന്ന പര്യടനത്തില്‍ പൂജാരയേയാണ് ശ്രദ്ധിക്കേണ്ടത്. ഓസ്‌ട്രേലിയന്‍ ടീം പൂജാരയ്‌ക്കെതിരായ തന്ത്രങ്ങള്‍ പുനഃപരിശോധിക്കേണ്ടി വരും. വിരാട് കോലി, അജിന്‍ക്യ രഹാനെ എന്നിവരെ അപേക്ഷിച്ച് പൂജാര ഓസ്‌ട്രേലിയന്‍ പിച്ചില്‍ മികച്ച രീതിയില്‍ കളിക്കുന്നു. അദ്ദേഹം പുതിയ വന്‍മതിലാണ്. പൂജാര അദ്ദേഹത്തിന്റെ ഗെയിം കളിക്കുന്നു. താരത്തിന്റെ മികച്ച പ്രകടനത്തിന് പിന്നിലെ രഹസ്യവും ഇതുതന്നെ.'' ലിയോണ്‍ പറഞ്ഞു.

കാണികള്‍ ഇല്ലാത്ത സ്റ്റേഡിയത്തില്‍ കോലി എങ്ങനെ കളിക്കുമെന്നത് കാണാന്‍ കാത്തിരിക്കുകയാണ് ഞങ്ങളെന്നും ലിയോണ്‍ പറഞ്ഞു. ഏത് സാഹചര്യവുമായും എളുപ്പം പൊരുത്തപ്പെടാന്‍ കഴിയുന്ന താരമാണ് കോലി. എങ്കിലും ആളില്ലാ ഗ്യാലറിക്ക് മുമ്പില്‍ കോലിയുടെ കളി വ്യത്യസ്തമായിരിക്കുമോ എന്നറിയാന്‍ ഞങ്ങള്‍ക്ക് ആകാംക്ഷയുണ്ടെന്നും ലിയോണ്‍ കൂട്ടിച്ചേര്‍ത്തു.