വിശാഖപട്ടണം:  ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറാണ് വൃദ്ധിമാന്‍ സഹായെന്ന ക്യാപ്റ്റന്‍ വിരാട് കോലിയുടെ അഭിപ്രായത്തോട് യോജിച്ച് മുന്‍ നായകന്‍ സൗരവ് ഗാംഗുലി. എന്നാല്‍ ടെസ്റ്റില്‍ സാഹയെ കളിപ്പിക്കണോ ഋഷഭ് പന്തിനെ കളിപ്പിക്കണോ എന്ന കാര്യത്തില്‍ കോലി തീരുമാനമെടുക്കണമെന്നും ഗാംഗുലി പറഞ്ഞു.

സാഹ ഞങ്ങളുടെ സ്വന്തം പയ്യനാണ്. അയാള്‍ ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറാണ്. ഋഷഭ് പന്തും ടെസ്റ്റില്‍ വിജയിച്ച കീപ്പറാണ്. അതുകൊണ്ടുതന്നെ ദീര്‍ഘകാലടിസ്ഥാനത്തില്‍ ടെസ്റ്റ് ടീമില്‍ ആരെ കളിപ്പിക്കണമെന്ന കാര്യത്തില്‍ കോലി ഒരു തീരുമാനമെടുക്കണം.

ഓപ്പണര്‍ സ്ഥാനത്ത് മായങ്ക് അഗര്‍വാളിന്റെ പ്രകടനത്തെക്കുറിച്ച് ഒരു വര്‍ഷമെങ്കിലും  കഴിഞ്ഞേ അഭിപ്രായം പറയാനാകൂ എന്നും ഗാംഗുലി പറ‍ഞ്ഞു. ഓസ്ട്രേലിയയില്‍ മികച്ച രീതിയില്‍ കളിച്ച മായങ്കിന്  വെസ്റ്റ് ഇന്‍ഡീസില്‍ അത്ര കണ്ട് തിളങ്ങാനായിരുന്നില്ല. ഇപ്പോഴിതാ ആദ്യ ടെസറ്റില്‍ ഡബിള്‍ സെഞ്ചുറി നേടിയിരിക്കുന്നു. അയാളെ ഒരു വര്‍ഷമെങ്കിലും ആ സ്ഥാനത്ത് തുടരാന്‍ അനുവദിക്കൂ, അതിനുശേഷം വിലയിരുത്താം-ഗാംഗുലി പറഞ്ഞു.