എന്നാല്‍ ലോകകപ്പ് ഫൈനല്‍ കാണാന്‍ ഇന്ത്യയുടെ ഒളിംപിക് ചാമ്പ്യനായ നീരജ് ചോപ്രയും സ്റ്റേഡിയത്തിലെത്തിയിരുന്നത് ആരാധകര്‍ അധികം ശ്രദ്ധിച്ചില്ല. കാരണം, മത്സരത്തിനിടെ ഒരിക്കല്‍ പോലും നീരജിന്‍റെ മുഖത്തേക്ക് ക്യാമറകള്‍ സൂം ചെയ്തിരുന്നില്ല എന്നത് തന്നെ.

ബെംഗലൂരു: ഇന്ത്യ-ഓസ്ട്രേലിയ ഏകദിന ലോകകപ്പ് ഫൈനല്‍ കാണാന്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലേക്ക് വിഐപികളുടെ ഒഴുക്കായിരുന്നു. മത്സരത്തിന്‍റെ അവസാനം കിരീടം സമ്മാനിക്കാനായി എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മുതല്‍ ബോളിവുഡ് സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേരാണ് കിരീടപ്പോരാട്ടം കാണാന്‍ സ്റ്റേഡിയത്തിലെത്തിയത്. ഇവരില്‍ പലരെയും മത്സരത്തിനിടെ ടെലിവിഷന്‍ സ്ക്രീന്‍ പലവട്ടം കാണിക്കുകയും ആരാധകര്‍ ഇവര്‍ക്കായി ആവേശത്തോടെ ആര്‍പ്പുവിളിക്കുകയും ചെയ്തു.

എന്നാല്‍ ലോകകപ്പ് ഫൈനല്‍ കാണാന്‍ ഇന്ത്യയുടെ ഒളിംപിക് ചാമ്പ്യനായ നീരജ് ചോപ്രയും സ്റ്റേഡിയത്തിലെത്തിയിരുന്നത് ആരാധകര്‍ അധികം ശ്രദ്ധിച്ചില്ല. കാരണം, മത്സരത്തിനിടെ ഒരിക്കല്‍ പോലും നീരജിന്‍റെ മുഖത്തേക്ക് ക്യാമറകള്‍ സൂം ചെയ്തിരുന്നില്ല എന്നത് തന്നെ. ഇതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് കുറിക്ക് കൊളളുന്ന മറുപടിയുമായി എത്തിയിരിക്കുകയാണ് നീരജ് ഇപ്പോള്‍. ബെംഗലൂരുവിലെ റോയല്‍ ചലഞ്ചേഴ്സ് ഇന്നൊവേഷന്‍ ലാബില്‍ സംസാരിക്കുമ്പോഴാണ് ലോകകപ്പ് ഫൈനലിനെക്കുറിച്ച് നീരജ് മനസു തുറന്നത്.

ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് പരമ്പര നേടാമെന്ന മോഹം ഇന്ത്യ മാറ്റിവെക്കേണ്ടിവരുമോ?, അമ്പയറായി വരുന്നത് കെറ്റിൽബറോ

ലോകകപ്പ് ഫൈനലിനിടെ തന്‍റെ മുഖം ടിവിയില്‍ കാണിക്കാത്തതില്‍ ഒരു പ്രശ്നവും ഇല്ലെന്നും താന്‍ മത്സരിക്കുന്നത് കാണിക്കാനാണ് ആഗ്രഹിക്കുന്നതെന്നും നീരജ് പറഞ്ഞു. ഞാന്‍ മത്സരിക്കുമ്പോള്‍ അത് കാണിക്കണമെന്നാണ് എനിക്ക് ബ്രോഡ്കാസ്റ്റര്‍മാരോട് പറയാനുള്ളത്. ഡയമണ്ട് ലീഗില്‍ ഞാന്‍ പങ്കെടുക്കുമ്പോള്‍ അവരത് ശരിയായ രീതിയില്‍ സംപ്രേഷണം ചെയ്യാറില്ല. അതിനുശേഷം അതിന്‍റെ ഹൈലൈറ്റ്സ് കാണിക്കും. അതാണ് ആദ്യം ശരിയാക്കേണ്ടത്.

അഹമ്മദാബാദില്‍ ലോകകപ്പ് ഫൈനല്‍ കാണാന്‍ പോയത് ഒരു സാധാരണ ആരാധകന്‍ എന്ന് നിലക്ക് മാത്രമാണ്. ആ മത്സരം ഞാന്‍ ശരിക്കും ആസ്വദിക്കുകയും ചെയ്തു. ഇന്ത്യ ജയിച്ചിരുന്നെങ്കില്‍ എനിക്ക് കൂടുതല്‍ സന്തോഷമായേനെ എന്ന് മാത്രം. മത്സരത്തിനിടെ ഒരിക്കല്‍ പോലും എന്തുകൊണ്ടാണ് ക്യാമറകള്‍ തന്നെ പാന്‍ ചെയ്യാത്തതെന്ന ചിന്ത ഒരിക്കല്‍ പോലും മനസില്‍ വന്നിട്ടില്ലെന്നും നീരജ് ചോപ്ര പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക