ഓവറിൽ 6 പന്തും സിക്സിന് തൂക്കി, യുവരാജിനും പൊള്ളാർഡിനും ശേഷം ചരിത്രനേട്ടം ആവർത്തിച്ച് നേപ്പാൾ താരം
ടി20 രാജ്യാന്തര ക്രിക്കറ്റില്‍ ഓവറിലെ ആറ് പന്തും സിക്സിന് പറത്തുന്ന മൂന്നാമത്തെ മാത്രം ബാറ്ററാണ് ദിപേന്ദ്ര സിംഗ്.
കാഠ്മണ്ഡു: ടി20 ക്രിക്കറ്റിലെ ഓവറില ആറ് പന്തും സിക്സ് അടിക്കുകയെന്ന ചരിത്രനേട്ടം ആവര്‍ത്തിച്ച് നേപ്പാള്‍ താരം ദീപേന്ദ്ര സിംഗ് ഐറി. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്‍റെ പ്രീമിയര്‍ കപ്ട് ടൂര്‍ണമെന്‍റില്‍ ഖത്തറിനെതിരെ ആണ് ദിപേന്ദ്ര സിംഗ് ചരിത്ര നേട്ടം ആവര്‍ത്തിച്ചത്.
രാജ്യാന്തര ടി20 ക്രിക്കറ്റില്‍ ഓവറിലെ ആറ് പന്തും സിക്സിന് പറത്തുന്ന മൂന്നാമത്തെ മാത്രം ബാറ്ററാണ് ദിപേന്ദ്ര സിംഗ്. 2007ലെ ആദ്യ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിന്‍റെ സ്റ്റുവര്‍ട്ട് ബ്രോഡിന്‍റെ ഓവറില്‍ ഇന്ത്യയുടെ യുവരാജ് സിംഗും 2021ല്‍ ശ്രീലങ്കയുടെ അഖില ധനഞ്ജയക്കെതിരെ വെസ്റ്റ് ഇന്‍ഡീസിന്‍റെ കെയ്റോണ്‍ പൊള്ളാര്‍ഡ് എന്നിവരാണ് ദിപേന്ദ്ര സിംഗിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയ താരങ്ങള്‍.
ഖത്തറിന്‍റെ പേസറായ കമ്രാന്‍ ഖാന്‍റെ ഓവറിലായിരുന്നു ദിപേന്ദ്ര സിംഗ് ചരിത്ര നേട്ടം സ്വന്തമാക്കിയത്. നേപ്പാള്‍ ടീമിലെ ഏറ്റവും മികച്ച ഓള്‍ റൗണ്ടര്‍മാരിലൊരാളായ ഐറി നേപ്പാള്‍ ഇന്നിംഗ്സിലെ അവസാന ഓവറിലാണ് സിക്സര്‍ പൂരം ഒരുക്കിയത്. അവസാന ഓവര്‍ തുടങ്ങുമ്പോള്‍ ഐറി 15 പന്തില്‍ 28 റണ്‍സായിരുന്നു. ഓവര്‍ പൂര്‍ത്തിയായപ്പോഴാകാട്ടെ വ്യക്തിഗത സ്കോര്‍ 21 പന്തില്‍ 61 ആയി. ആദ്യം ബാറ്റ് ചെയ്ത നേപ്പാള്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സടിക്കുകയും ചെയ്തു. 211 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഖത്തറിന്‍റെ പോരാട്ടം 178 റണ്‍സില്‍ അവസാനിച്ചു. മത്സരത്തില്‍ രണ്ട് വിക്കറ്റ് നേടിയും ഐറി തിളങ്ങി.
DIPENDRA SINGH AIREE BECOMES THE THIRD PLAYER TO HIT 6 SIXES IN AN OVER IN T20I HISTORY ⭐🔥 pic.twitter.com/UtxyydP7B0
— Johns. (@CricCrazyJohns) April 13, 2024
ഇതിന് മുമ്പ് ഐറി തുടര്‍ച്ചയായി ആറ് സിക്സ് അടിച്ചിട്ടുണ്ട്. ഏഷ്യന്‍ ഗെയിംസില്‍ മംഗോളിയക്കെതിരെ ഒരു ഓവറിലെ അവസാന അഞ്ച് പന്തിലും അടുത്ത ഓവറിലെ ആദ്യ പന്തിലുമായിരുന്നു ഐറി തുടര്‍ച്ചയായി ആറ് സിക്സ് പറത്തിയത്. ആ മത്സരത്തില്‍ ആറ് പന്തില്‍ അര്‍ധസെഞ്ചുറി തികച്ച് ടി20 ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ അര്‍ധെസഞ്ചുറിയുടെ റെക്കോര്‍ഡും സ്വന്തമാക്കിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക