പാക് ക്യാപ്റ്റന്‍ ബാബര്‍ അസം ചോദിച്ച താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്താന്‍ സെലക്റ്റര്‍മാര്‍ വിമുഖത കാണിച്ചിരുന്നു. അതിന് പിന്നാലെയാണ് മാലിക്കിന്റെ ആരോപണം.

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ ക്രിക്കറ്റിലെ സെലക്ഷന്‍ രീതിയെ രൂക്ഷമായി വിമര്‍ശിച്ച് വെറ്ററന്‍ താരം ഷൊയ്ബ് മാലിക്. പാകിസ്ഥാന്‍ ടീമില്‍ താരങ്ങളെ ഉള്‍പ്പെടുന്നത് പ്രകടനത്തിന്റെ അടിസ്ഥാനത്തിലല്ലെന്ന ഗുരുതര ആരോപണമാണ് മാലിക് ഉന്നയിച്ചിരിക്കുന്നത്. നേരത്തെ, പാക് ക്യാപ്റ്റന്‍ ബാബര്‍ അസം ചോദിച്ച താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്താന്‍ സെലക്റ്റര്‍മാര്‍ വിമുഖത കാണി്ച്ചിരുന്നു. അതിന് പിന്നാലെയാണ് മാലിക്കിന്റെ ആരോപണം.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ലാത്ത മാലിക്കിന്റെ പ്രസ്താവന എത്രത്തോളം പാക് ക്രിക്കറ്റിനെ പിടിച്ചുകുലുക്കുമെന്ന് കണ്ടറിയണം. പാക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മാലിക് പറയുന്നതിങ്ങനെ.. ''സിംബാബ്‌വെ പര്യടനത്തിന് മുമ്പ് ക്യാപ്റ്റന്‍ അസം ചില താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പാക് താരങ്ങള്‍ തഴയുകയാണുണ്ടായത്. അ്‌ദ്ദേഹം ക്യാപ്റ്റനാണെന്ന ഓര്‍മ വേണം. അന്തിമ തീരുമാനം ക്യാപ്റ്റന്റേതാണ്. കളിക്കാനിറങ്ങുന്നത് സെലക്റ്റര്‍മാരല്ല. ക്യാപ്റ്റനും അയാള്‍ക്ക് കീഴില്‍ കളിക്കുന്ന താരങ്ങളുമാണ്.

പാകിസ്ഥാന്‍ ക്രിക്കറ്റില്‍ താരങ്ങളെ തിരഞ്ഞെടുക്കുന്നത് പ്രകടനത്തിന്റെ അടിസ്ഥാനത്തിലല്ല. ബന്ധങ്ങളാണ് ടീമിലേക്കുള്ള സെലക്ഷന്റെ മാനദണ്ഡം. ആ സിസ്റ്റം മാറണം. എങ്കില്‍ മാത്രമേ പാക് ക്രിക്കറ്റിന് വളര്‍ച്ചയുണ്ടാകൂ. വിവിധ രാജ്യങ്ങളുടെ ക്രിക്കറ്റ് ബോര്‍ഡിന് കീഴില്‍ നമുക്ക് താല്‍പര്യമുള്ളതും അല്ലാത്തതുമായ കാഴ്ച്ചകളുണ്ടാവാറുണ്ട്. എന്നാല്‍ പാകിസ്ഥാന്‍ ക്രിക്കറ്റില്‍ അസ്വസ്ഥതകളുണ്ടാക്കുന്ന കാഴ്ച്ചയാണ് കൂടുതലും.'' മാലിക് പറഞ്ഞുനിര്‍ത്തി. 

സിംബാബ്വെ പര്യടനത്തിനുള്ള ടീമിലേക്ക് ക്യാപ്റ്റന്‍ ബാബര്‍ അസം പറഞ്ഞ താരങ്ങളെ ഉള്‍പ്പെടുത്താന്‍ തയ്യാറാകാതിരുന്ന പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ നടപടി വിവാദമായിരുന്നു.