ലണ്ടന്‍: ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ജോഫ്ര ആര്‍ച്ചര്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചത് ശരിയായില്ലെന്ന് അഭിപ്രായപ്പെട്ട മുന്‍ പാക് നായകന്‍ സല്‍മാന്‍ ബട്ടിന് ആരാധകരുടെ ട്രോള്‍. തത്സമയ വാതുവെപ്പിന്  വിലക്ക് നേരിട്ട ബട്ട്, ആര്‍ച്ചറെ ഉപദേശിച്ചതാണ് ആരാധകരുടെ ട്രോളിന് കാരണമായത്.

കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ ആര്‍ച്ചര്‍ ലംഘിക്കാന്‍ പാടില്ലായിരുന്നുവെന്ന് ബട്ട് തന്റെ യുട്യൂബ് ചാനലില്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ വാതുവെപ്പിന് പിടിക്കപ്പെട്ട ബട്ട് ആര്‍ച്ചറെ ഉപദേശിക്കാന്‍ ചെന്നതിലെ ഇരട്ടത്താപ്പാണ് ആരാധകര്‍ തുറന്നുകാട്ടിയത്.

2010ലെ ഇംഗ്ലണഅട് പര്യടനത്തിനിടെയായിരുന്നു സല്‍മാന്‍ ബട്ടും മുഹമ്മദ് ആസിഫും മുഹമ്മദ് ആമിറും ഉള്‍പ്പെട്ട തത്സമയ വാതുവെപ്പ് വിവാദം ഉയര്‍ന്നത്. വാതുവെപ്പുകാരെ സഹായിക്കാനായി അമീറിനെയും ആസിഫിനെയും നോ ബോള്‍ എറിയാന്‍ പ്രേരിപ്പിച്ചത് ബട്ട് ആണെന്ന് കണ്ടെത്തിയിരുന്നു. പിന്നീട് മൂന്ന് പേരും ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയെങ്കിലും ആമിറിന് മാത്രമാണ് വീണ്ടും പാക്കിസ്ഥാനുവേണ്ടി കളിക്കാനായത്.