ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖച്ഛായതന്നെ മാറ്റിയ നായകനാണ് ഗാംഗുലി. 1997-98 കാലഘട്ടത്തില്‍ ഗാംഗുലി വരുന്നതുവരെ പാക്കിസ്ഥാനെ ക്രിക്കറ്റില്‍ ഇന്ത്യ തോല്‍പ്പിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.

കറാച്ചി: ബിസിസിഐയുടെ പ്രസിഡന്റായി ചുമതലയേല്‍ക്കാനൊരുങ്ങുന്ന സൗരവ് ഗാംഗുലിയെ പ്രശംസകൊണ്ട് മൂടി മുന്‍ പാക് താരം ഷൊയൈബ് അക്തര്‍. പ്രതിഭകളെ കണ്ടെത്തുന്നതിലും അവരെ വളര്‍ത്തിക്കൊണ്ടുവരുന്നതിലും സൗരവ് ഗാംഗുലി പാക് പ്രധാനമന്ത്രിയും പാക് ടീം മുന്‍ നായകനുമായ ഇമ്രാന്‍ ഖാനെപോലെയാണെന്ന് അക്തര്‍ പറഞ്ഞു.

ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖച്ഛായതന്നെ മാറ്റിയ നായകനാണ് ഗാംഗുലി. 1997-98 കാലഘട്ടത്തില്‍ ഗാംഗുലി വരുന്നതുവരെ പാക്കിസ്ഥാനെ ക്രിക്കറ്റില്‍ ഇന്ത്യ തോല്‍പ്പിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഇന്ത്യന്‍ ക്രിക്കറ്റിന്റെ മാനസികനില തന്നെ മാറ്റിമറിച്ചത് ഗാംഗുലിയാണ്. ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് പ്രതിഭകളെ കണ്ടെത്തുന്നതിലും അവരെ വളര്‍ത്തിക്കൊണ്ടുവരുന്നതിലും ഗാംഗുലി മികവ് കാട്ടി. സെവാഗിനെയും ഹര്‍ഭജനയെും സഹീറിനെയും യുവരാജിനെയും പോലുള്ള പ്രതിഭകളെ കണ്ടെത്തിയത് ഗാംഗുലിയുടെ മികവായിരുന്നു.

പ്രതിഭകള്‍ക്ക് അവസരം നല്‍കുന്ന കാര്യത്തില്‍ ഗാംഗുലി എന്നും സത്യസന്ധനായിരുന്നു. ക്രിക്കറ്റിനെക്കുറിച്ച് നല്ല അറിവുള്ള ഗാംഗുലി മികച്ച നായകനായിരുന്നു. ഗാംഗുലി ബിസിസിഐ പ്രസിഡന്റാവുന്നത് ഇന്ത്യന്‍ ക്രിക്കറ്റിനും നല്ലതാണ്. ഗ്രെഗ് ചാപ്പല്‍ പരിശീലകനായി എത്തിയ കാലത്ത് ഗാംഗുലിയെ മോശമായാണ് കൈകാര്യം ചെയ്തതെന്നും അക്തര്‍ പറഞ്ഞു.