രഞ്ജി ട്രോഫിക്കുള്ള കേരള ക്രിക്കറ്റ് ടീമിനെ സച്ചിന്‍ ബേബി നയിക്കും. സീസണില്‍ വിജയ് ഹസാരെ ട്രോഫിയിലും സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിയിലും റോബിന്‍ ഉത്തപ്പയാണ് കേരളത്തെ നയിച്ചിരുന്നത്.

തിരുവനന്തപുരം: രഞ്ജി ട്രോഫിക്കുള്ള കേരള ക്രിക്കറ്റ് ടീമിനെ സച്ചിന്‍ ബേബി നയിക്കും. സീസണില്‍ വിജയ് ഹസാരെ ട്രോഫിയിലും സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിയിലും റോബിന്‍ ഉത്തപ്പയാണ് കേരളത്തെ നയിച്ചിരുന്നത്. എന്നാല്‍ ഉത്തപ്പയ്ക്ക് കീഴില്‍ മികച്ച പ്രകടനമൊന്നും നടത്താന്‍ കേരളത്തിനായിരുന്നില്ല. ഇതോടെ ഉത്തപ്പയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കുകയായിരുന്നു. 

കഴിഞ്ഞ തവണ കേരളം രഞ്ജി ട്രോഫി സെമിയിലെത്തിയപ്പോള്‍ സച്ചിന്‍ ആയിരുന്നു ക്യാപ്റ്റന്‍. ജലജ് സക്‌സേനയാണ് പുതിയ വൈസ് ക്യാപ്റ്റന്‍. ഡിസംബര്‍ ഒമ്പതിനാണ് രഞ്ജി സീസണ്‍ ആരംഭിക്കുന്നത്. ദില്ലിക്കെതിരെ തുമ്പയിലാണ് കേരളത്തിന്റെ ആദ്യ മത്സരം. ഇന്ത്യന്‍ ക്യാംപിലുള്ള സഞ്ജു സാംസണെ ആദ്യ മത്സരത്തിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 

വിജയ് ഹസാരെയിലെ എട്ട് മത്സരങ്ങളില്‍ നിന്ന് 112 റണ്‍സാണ് ഉത്തപ്പ നേടിയിരുന്നത്. മുഷ്താഖ് അലിയില്‍ ആവട്ടെ എട്ട് മത്സരങ്ങളില്‍ നിന്ന് 139 റണ്‍സ് മാത്രമാണ് നേടാനായത്.