കേപ്ടൗണ്‍: ക്വിന്റണ്‍ ഡി കോക്കിനെ ദക്ഷിണാഫ്രിക്കയുടെ ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റനായി പ്രഖ്യാപിച്ചു. ഫാഫ് ഡു പ്ലെസിസ് പകരമാണ് ഡി കോക്ക് ടീമിനെ നയിക്കുക. ഫാഫിനെ പതിനഞ്ചംഗ ടീമിലും ഉള്‍പ്പെടുത്തിയിട്ടില്ല. ഫെബ്രുവരി നാലിനാണ് പരമ്പര ആരംഭിക്കുക. അഞ്ച് പുതുമുഖ താരങ്ങള്‍ ടീമില്‍ ഇടം നേടിയിട്ടുണ്ട്. ലുതോ സിംപാല, സിസാണ്ട മഗാല, ബോണ്‍ ഫൊര്‍ട്ടിന്‍, ജന്നെമന്‍ മലാന്‍, കെയ്ല്‍ വെറിന്നെ എന്നിവരാണ് ടീമില്‍ ഇടം നേടിയ പുതുമുഖതാരങ്ങള്‍.

എന്നാല്‍ കവിഞ്ഞ വര്‍ഷം 67.83 ശരാശരിയുള്ള ഫാഫിനെ ടീമില്‍ നിന്ന് ഒഴിവാക്കിയതിന്റെ കാരണം വ്യക്തമല്ല. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി 143 ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള ഫാഫ് 5507 റണ്‍സ് നേടിയിട്ടുണ്ട്. 39 ഏകദിനങ്ങളില്‍ ദക്ഷിണാഫ്രിക്കയെ നയിച്ച ഫാഫ് 28 മത്സരങ്ങളില്‍ വിജയത്തിലേക്ക് നയിച്ചിരുന്നു. നേരത്തെ ഇന്ത്യക്കെതിരായ ടി20 പരമ്പരയില്‍ ദക്ഷിണാഫ്രിക്കയെ നയിച്ചത് ഡി കോക്കായിരുന്നു. 2023 ലോകപ്പിന് ടീമിനെ ഒരുക്കുകയാണ് ലക്ഷ്യമെന്ന് ദക്ഷിണാഫ്രക്കന്‍ ക്രിക്കറ്റിന്റെ ഡയറക്ടര്‍ ഗ്രെയിം സ്മിത്ത് അറിയിച്ചു.

ദക്ഷിണാഫ്രിക്കന്‍ ടീം: ക്വിന്റണ്‍ ഡി കോക്ക്, റീസ ഹെന്‍ഡ്രിക്‌സ്, തെംബ ബവൂമ, റാസി വാന്‍ ഡെര്‍ ഡസ്സന്‍, ഡേവിഡ് മില്ലര്‍, ജോണ്‍ സ്മട്ട്‌സ്, ആന്‍ഡിലെ ഫെഹ്ലുക്വായോ, ലുംഗി എന്‍ഗിഡി, തബ്രൈസ് ഷംസി, ബ്യൂറന്‍ ഹെന്‍ഡ്രിക്‌സ്,  ലുതോ സിംപാല, സിസാണ്ട മഗാല, ബോണ്‍ ഫൊര്‍ട്ടിന്‍, ജന്നെമന്‍ മലാന്‍, കെയ്ല്‍ വെറിന്നെ.