കൊളംബൊ: ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമന്റെ ഇടക്കാല പരിശീലകനായി മുന്‍ പേസര്‍ റുമേഷ് രത്‌നായകെയെ നിയമിച്ചു. ന്യൂസിലന്‍ഡിനെതിരെ നാട്ടില്‍ നടക്കുന്ന പരമ്പരയില്‍ ലങ്കയെ രത്‌നായകെയാണ് പരിശീലിപ്പിക്കുക. എന്നാല്‍ ഈയൊരു ടെസ്റ്റ് പരമ്പരയില്‍ മാത്രമെ അദ്ദേഹം പരിശീലകനായി തുടരുകയുള്ളൂവെന്നും റിപ്പോര്‍ട്ട്. ഇതോടെ ഇപ്പോഴത്തെ കോച്ച് ചണ്ഡിക ഹതുരുസിംഗ പുറത്തുപോവേണ്ടി വരും. 

നേരത്തെ, ഹതുരുസിംഗയോട് ന്യൂസിലന്‍ഡിനെതിരായ മത്സരം ആരംഭിക്കുന്നതിന് മുമ്പ് സ്ഥാനമൊഴിയാന്‍ ശ്രീലങ്കന്‍ കായികമന്ത്രി ഹരിന്‍ ഫെര്‍ണാണ്ടോ ആവശ്യപ്പെട്ടിരുന്നു. ഓഗസ്റ്റ് 14നാണ് പരമ്പര ആരംഭിക്കുന്നത്. സ്ഥാനമൊഴിഞ്ഞില്ലെങ്കില്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്നാണ് കായിക വകുപ്പിന്റെ താക്കീത്. മാത്രമല്ല, ശ്രീലങ്കന്‍ ക്രിക്കറ്റില്‍ തന്നെ മറ്റൊരു ജോലിയും വാഗ്ദാനം ചെയ്തിട്ടുണ്ട്.