കറാച്ചി: പാക് ക്രിക്കറ്റ് ഉടച്ചുവാര്‍ക്കുന്നതിന്റെ ഭാഗമായി അടുത്തിടെയാണ് മിസ്ബ ഉള്‍ ഹഖിനെ അവരുടെ പരിശീലകനായി നിയമിച്ചത്. പരിശീലകന് പുറമെ ചീഫ് സെലക്റ്ററായും മിസ്ബതെ തിരഞ്ഞെടുത്തിരുന്നു. മറ്റു പരിഷ്‌കാരങ്ങളും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) കൊണ്ടുവന്നു. അതിലൊന്നായിരുന്നു ടീമിന്റെ സഹ സെലക്റ്റര്‍മാരായി ആറ് പാക്  പ്രവശ്യകളിലെ പരിശീലകരേയും നിയമിച്ചത്. 

ഏതായാലും തന്നെ ഏല്‍പ്പിച്ച ജോലി ആരംഭിച്ചിരിക്കുകയാണ് മിസ്ബ. ആദ്യപടിയായി ഭക്ഷണകാര്യത്തില്‍ നിയന്ത്രണം വരുത്താനാണ് മിസ്ബയുടെ നിര്‍ദേശം. അതുകൊണ്ട് തന്നെ പാകിസ്ഥാന്‍ ക്രിക്കറ്റ് ക്യാംപില്‍ ബിരിയാണിക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് മിസ്ബ. താരങ്ങള്‍ ബിരിയാണിയും മധുരപലഹാരങ്ങളും കഴിക്കരുതെന്നാണ് മിസ്ബയുടെ നിര്‍ദേസം. ഭക്ഷണകാര്യത്തില്‍ പ്രത്യേക ശ്രദ്ധവേണമെന്നും പഴങ്ങള്‍ കൂടുതലായി കഴിക്കാനും മുന്‍ ക്യാപ്റ്റന്‍ നിര്‍ദേശം നല്‍കി.  

മികച്ച ശാരീരികക്ഷമത ഉള്ള താരങ്ങള്‍ക്ക് മാത്രമേ രാജ്യാന്തര ക്രിക്കറ്റില്‍ പാകിസ്ഥാനെ ഒന്നാമതെത്തിക്കാന്‍ കഴിയൂവെന്നും മിസ്ബ ഓര്‍മ്മിപ്പിച്ചു. 43 വയസുവരെ പാക് ടീമില്‍ അംഗമായിരുന്ന മിസ്ബ.  അടുത്തിടെയാണ് മൂന്ന് വര്‍ഷത്തെ കരാറില്‍ പാക് പരിശീലകനായി ചുമതലയേറ്റത്. വഖാര്‍ യൂനിസാണ് പുതിയ ബൗളിംഗ് കോച്ച്.