കൊല്‍ക്കത്ത: ടീം ഇന്ത്യക്ക് പുതിയ സെലക്‌ടര്‍മാര്‍ ഉടനെന്ന സൂചന നല്‍കി ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ ബിസിസിഐയുടെ ഉപദേശക സമിതിയെ രൂപീകരിക്കും. മുഖ്യ പരിശീലകനെ നിയമിച്ചതിനാല്‍ സെലക്‌ടര്‍മാരെ മാത്രമായിരിക്കും സമിതി തെരഞ്ഞെടുക്കുക എന്നും ദാദ വ്യക്തമാക്കി. മൂന്ന് വര്‍ഷമായിരിക്കും പുതിയ സെലക്ഷന്‍ കമ്മിറ്റിയുടെ കാലയളവ്. 

ഇരട്ട പദവിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ഉപദേശകസമിതി രൂപീകരിക്കുന്നത് വൈകാന്‍ കാരണമെന്നും സൗരവ് വ്യക്തമാക്കി. ഇരട്ടപദവി വിഷയത്തില്‍ പുതിയ സമീപനങ്ങള്‍ ആവശ്യമാണെന്ന് ദാദ നേരത്തെ തുറന്നുപറഞ്ഞിരുന്നു. മുന്‍പ് ക്രിക്കറ്റ് ഉപദേശക സമിതിയില്‍ അംഗമായിരുന്നു സൗരവ് ഗാംഗുലി. നിലവിലെ മുഖ്യ സെലക്‌ടര്‍ എം എസ് കെ പ്രസാദിന്‍റെ കാലാവധി ഇതിനകം അവസാനിച്ചിട്ടുണ്ട്. 

അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കേ പുതിയ സെലക്‌ടര്‍മാരുടെ നിയമനം ബിസിസിഐക്ക് നിര്‍ണായകമാണ്. സീനിയര്‍ താരം എം എസ് ധോണിയുടെ കാര്യത്തില്‍ പുതിയ സെലക്‌ടര്‍മാര്‍ എടുക്കുന്ന തീരുമാനവും നിര്‍ണായകമായിരിക്കും. ധോണിയുടെ ഭാവി സംബന്ധിച്ച് ബിസിസിഐയും സെലക്‌ടര്‍മാരും താരവും തമ്മില്‍ ധാരണയായതായി ഗാംഗുലി മുന്‍പ് വ്യക്തമാക്കിയിരുന്നു.