ഇത് സഞ്ജു ആരാധകരുടെ ആഘോഷരാത്രി...വിമര്‍ശകര്‍ക്ക് മുന്നില്‍ ക്ലാസ് തെളിയിച്ച് മലയാളി താരത്തിന്‍റെ മാസ് മറുപടി. ഇന്ത്യക്ക് ധോണി സ്റ്റൈലില്‍ പുതിയ ഫിനിഷറെ കിട്ടിയെന്ന് വാഴ്‌ത്തി സോഷ്യല്‍ മീഡിയ
ഹരാരെ: അവസരം കളഞ്ഞുകുളിക്കുന്നവന്നെന്ന് പരിഹസിച്ചവരും എഴുതിത്തള്ളിയവരും മാറിനില്‍ക്കുക. സഞ്ജു സാംസണിന്‍റെ രണ്ടാം വരവ് ആരാധകര്‍ക്ക് ബാറ്റിംഗ് വിരുന്നാവുകയാണ്. സിംബാബ്‌വെക്കെതിരായ രണ്ടാം ഏകദിനത്തില്‍ കെ എല്‍ രാഹുലിനെ പോലുള്ള വന്‍മരം കടപുഴകിയയിടത്ത് മാച്ച് വിന്നിംഗ് ഇന്നിംഗ്‌സും ടോപ് സ്‌കോറുമായി ഇന്ത്യക്ക് പരമ്പര ജയം സമ്മാനിക്കുകയായിരുന്നു സഞ്ജു സാംസണ്‍. ഏഷ്യാ കപ്പില്‍ നിന്ന് തഴഞ്ഞവര്‍ക്ക് ബാറ്റ് കൊണ്ട് മലയാളി താരത്തിന്‍റെ മാസ് മറുപടിയായി ഈ ഇന്നിംഗ്‌സ്. ഹരാരെയില്‍ ഇന്ത്യയുടെ വിജയശില്‍പിയായ സഞ്ജുവിനെ പ്രശംസകൊണ്ട് മൂടുകയാണ് ക്രിക്കറ്റ് ലോകം. ഇന്ത്യക്ക് ധോണി സ്റ്റൈലില്‍ പുതിയ ഫിനിഷറെ കിട്ടിയെന്ന് വാഴ്‌ത്തുകയാണ് ആരാധകര്‍.
ഹരാരെ സ്‌പോര്‍ട്‌സ് ക്ലബില്‍ സിംബാബ്‌വെ മുന്നോട്ടുവെച്ച 162 റണ്‍സ് വിജയലക്ഷ്യം സഞ്ജു സാംസണിന്‍റെ മാസ് ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്‌ടത്തില്‍ നേടുകയായിരുന്നു ടീം ഇന്ത്യ. ഇതിനൊപ്പം ഒരു മത്സരം അവശേഷിക്കേ പരമ്പര ജയവും ടീം സ്വന്തമാക്കി.
ശിഖര്‍ ധവാനൊപ്പം ഓപ്പണറായെത്തിയ നായകന്‍ കെ എല്‍ രാഹുല്‍ നേരിട്ട അഞ്ചാം പന്തില്‍ ഒരു റണ്ണില്‍ മടങ്ങിയപ്പോള്‍ ഇന്ത്യ അപകടം മണത്തതാണ്. എന്നാല്‍ 33 റണ്‍സ് വീതവുമായി ധവാനും ഗില്ലും ഇന്ത്യയെ പ്രതീക്ഷയിലേക്ക് തിരികെ കൊണ്ടുവന്നു. ഇരുവരും പുറത്തായ ശേഷമെത്തിയ ഇഷാന്‍ കിഷന്‍റെ ഇന്നിംഗ്‌സും രണ്ടക്കം കണ്ടില്ല. ആറ് റണ്‍സെടുത്ത കിഷന്‍ ബൗള്‍ഡായി. പിന്നാലെ സഞ്ജുവിനൊപ്പം മത്സരം ഇന്ത്യയുടേതാക്കി മാറ്റി ദീപക് ഹൂഡ.
എന്നാല്‍ 36 പന്തില്‍ 25 റണ്‍സുമായി നില്‍ക്കേ ഹൂഡയെ റാസ ബൗള്‍ഡാക്കിയതോടെ ഇന്ത്യയൊരിക്കല്‍ക്കൂടി വിറച്ചു. ക്രീസിലെത്തിയ അക്‌സര്‍ പട്ടേല്‍ പക്ഷേ സഞ്ജുവിന്‍റെ ധൈര്യത്തില്‍ കാലിടറാതെ നിന്നു. ഒരറ്റത്ത് ഇതിനകം താളം കണ്ടെത്തിയിരുന്ന സഞ്ജു ധോണി സ്റ്റൈലില്‍ സിക്‌സറോടെ 26-ാം ഓവറിലെ നാലാം പന്തില്‍ ഇന്ത്യക്ക് ജയവും പരമ്പരയും സമ്മാനിച്ചു. സഞ്ജു 39 പന്തില്‍ മൂന്ന് ഫോറും നാല് സിക്‌സും സഹിതം 43* ഉം അക്‌സര്‍ ഏഴ് പന്തില്‍ ഒരു ഫോറോടെ 6* ഉം റണ്‍സുമായി പുറത്താകാതെ നിന്നു.
സഞ്ജുവിനെ പിന്തള്ളി സിംബാബ്‌വെയില്‍ ഏറ്റവും കൂടുതല്‍ ഫാന്‍സ് ദീപക് ചാഹറിന്? വീഡിയോ
