വെല്ലിംഗ്ടണ്‍: ക്രിക്കറ്റില്‍ മൈക്രോ ചിപ് ഘടിപ്പിച്ച സ്മാര്‍ട് പന്തുകള്‍ അവതരിപ്പിക്കാനൊരുങ്ങി ഓസ്ട്രേലിയയിലെ പ്രമുഖ ക്രിക്കറ്റ് പന്ത് നിര്‍മാതാക്കളായ കൂക്കബുര. ഓസ്ട്രേലിയയിലെ ടി20 ലീഗായ ബിഗ് ബാഷിലായിരിക്കും മൈക്രോ ചിപ് ഘടിപ്പിച്ച സ്മാര്‍ട് പന്തുകള്‍ ആദ്യമായി പരീക്ഷിക്കുക. ഇത് വിജയകരമായാല്‍ ടെസ്റ്റ് ക്രിക്കറ്റിലും മൈക്രോ ചിപ്പുകള്‍ അടങ്ങിയ പന്തുകള്‍ ഉപയോഗിക്കും.

മൈക്രോ ചിപ്പുകള്‍ ഘടിപ്പിച്ച സ്മാര്‍ട്ട് പന്തുകളുടെ പരീക്ഷണം അന്തിമഘട്ടത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍. സ്മാര്‍ട് ബോളുകള്‍ ഉപയോഗിച്ച് പന്തിന്റെ വേഗം, ബൗണ്‍സ് എന്നിവ കൃത്യമായി നിര്‍ണയിക്കാനാവും. ഭാവിയില്‍ ഡിഎര്‍എസ് തീരുമാനങ്ങളിലും സ്മാര്‍ട് ബോളുകള്‍ അമ്പയര്‍മാരുടെ തീരുമാനം കൂടുതല്‍ എളുപ്പമാക്കും.

ക്യാച്ച് സംബന്ധിച്ച തീരുമാനങ്ങളെടുക്കുമ്പോള്‍ പന്ത് ബാറ്റില്‍ ഉരസിയിരുന്നോ, നിലത്ത് പിച്ച് ചെയ്തിരുന്നോ എന്നെല്ലാം കൃത്യമായി നിര്‍ണയിക്കാനാവും. മുന്‍ ഓസീസ് പേസര്‍ മൈക്കല്‍ കാസ്പറോവിച്ചിന്റെ നേതൃത്വത്തിലുള്ള സ്പോര്‍ട് കോറും കൂക്കബുരയും സംയുക്തമായാണ് സ്മാര്‍ ബോളുകള്‍ വികസിപ്പിച്ചത്.