ഏകദിന ക്രിക്കറ്റില്‍ സമീപകാലത്ത് ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള മുഹമ്മദ് സിറാജിന് പോലും ഫൈനല്‍ ഇലവനില്‍ ഇടമില്ലെങ്കില്‍ പിന്നെ പുതിയ താരങ്ങള്‍ക്ക് എങ്ങനെയാണ് ഇടം കിട്ടുക.

ലഖ്നൗ: ഇന്ത്യയുടെ ലോകകപ്പ് ടീമിലെത്താല്‍ യുവതാരങ്ങള്‍ക്കിടയില്‍ കടുത്ത മത്സരമാണ് നടക്കുന്നത്.റുതുരാജ് ഗെയ്ക്‌വാദ് മലയാളി താരം സഞ്ജു സാംസണ്‍ ഇഷാന്‍ കിഷന്‍ എന്നിവര്‍ക്കൊപ്പം സൂര്യകുമാര്‍ യാദവും ലോകകപ്പ് ടീമിലെത്താനുളള പരിശ്രമത്തിലാണ്. എന്നാല്‍ പുതുമുഖ താരങ്ങള്‍ ലോകകപ്പ് ടീമിലെത്താന്‍ കുറച്ചു കൂടി കാത്തിരിക്കേണ്ടിവരുമെന്നും കായികക്ഷമത തെളിയിച്ചാല്‍ കെ എല്‍ രാഹുലും ശ്രേയസ് അയ്യരും തന്നെയാകും ലോകകപ്പ് ടീമിലും അന്തിമ ഇലവനിലും എത്തുകയെന്നും തുറന്നു പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്.

ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ സെറ്റായി കഴിഞ്ഞു. ഓപ്പണിംഗില്‍ രോഹിത്തും ഗില്ലും, മൂന്നാം നമ്പറില്‍ കോലി, നാലാമത് ശ്രേയസ് അയ്യര്‍, അഞ്ചാമത് കെ എല്‍ രാഹുല്‍, പിന്നെ ഹാര്‍ദ്ദിക്, ജഡേജ, അക്ഷര്‍ പട്ടേല്‍ അല്ലെങ്കില്‍ ഷാര്‍ദ്ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി എന്നിവരാകും ഇന്ത്യയുടെ ഫൈനല്‍ ഇലവനില്‍ കളിക്കുകയെന്നും കൈഫ് പറഞ്ഞു.

ഏകദിന ക്രിക്കറ്റില്‍ സമീപകാലത്ത് ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള മുഹമ്മദ് സിറാജിന് പോലും ഫൈനല്‍ ഇലവനില്‍ ഇടമില്ലെങ്കില്‍ പിന്നെ പുതിയ താരങ്ങള്‍ക്ക് എങ്ങനെയാണ് ഇടം കിട്ടുക. അവര്‍ കാത്തിരുന്നേ മതിയാകൂ എന്നും കൈഫ് പറഞ്ഞു. ഫൈനല്‍ ഇവലവനില്‍ ഇടം നേടിയില്ലെങ്കിലും സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, മുഹമ്മദ് സിറാദ് എന്നിവരെല്ലാം ടീമില്‍ എത്താന്‍ സാധ്യതയുള്ളവരാണ്.കാരണം ഇവരെല്ലാം വര്‍ഷങ്ങളായി ഇന്ത്യക്കായി കളിക്കുന്നവരാണ്.പുതുമുഖങ്ങളുടെ കാര്യമാണെങ്കില്‍ അവരെ വെസ്റ്റ് ഇന്‍ഡീസിലേക്ക് മാത്രമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഏഷ്യാ കപ്പിലും ലോകകപ്പിലും സീനിയര്‍ താരങ്ങള്‍ തിരിച്ചുവരുമ്പോള്‍ ഇവര്‍ക്കൊന്നും ഇടമുണ്ടാകില്ലെന്നും കൈഫ് പറഞ്ഞു.

ടി20 ക്രിക്കറ്റില്‍ ഇന്ത്യയുടെ വിജയപരമ്പര അവസാനിപ്പിക്കാന്‍ വിന്‍ഡീസ്, തോറ്റാല്‍ നഷ്ടമാകുക വമ്പന്‍ റെക്കോര്‍ഡ്

ഐപിഎല്ലിനിടെ പരിക്കേറ്റ കെ എല്‍ രാഹുല്‍ പരിക്കില്‍ നിന്ന് മോചിതനായി കായികക്ഷമത വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. നടുവിനേറ്റ പരിക്കിന് ശസ്ത്രക്രിയക്ക് വിധേയനായ ശ്രേയസ് ആകട്ടെ പരിക്ക് ഭേദമായെങ്കിലും ഇതുവരെ കായികക്ഷമത വീണ്ടെടുത്തിട്ടില്ല. അടുത്ത മാസം അഞ്ചിന് മുമ്പാണ് ഏകദിന ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിക്കേണ്ടത്.