മുമ്പ് പല തവണ പാകിസ്ഥാന്‍ കുപ്പായത്തില്‍ നിന്ന് വിരമിച്ചിട്ടുള്ള ഷാഹീദ് അഫ്രീദിയുമായാണ് പലരും തമീം ഇക്ബാലിനെ താരതമ്യം ചെയ്യുന്നത്

ധാക്ക: വെറും ഒരു ദിവസം മാത്രമേ വേണ്ടിവന്നുള്ളൂ ബംഗ്ലാദേശ് ക്രിക്കറ്റർ തമീം ഇക്ബാലിന് രാജ്യാന്തര ക്രിക്കറ്റില്‍ നിന്നുള്ള തന്‍റെ വിരമിക്കല്‍ തീരുമാനം പിന്‍വലിക്കാന്‍. ഇന്നലെ(വ്യാഴാഴ്ച) വിരമിക്കുന്നതായി അറിയിച്ച താരം ഇന്ന്(വെള്ളിയാഴ്ച) തീരുമാനം തിരുത്തുകയായിരുന്നു. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇന്ന് തമീം ഇക്ബാല്‍ വിരമിക്കല്‍ പിന്‍വലിക്കുന്നതായി അറിയിച്ചത്. തമീം വിരമിക്കല്‍ പിന്‍വലിക്കാനുള്ള കാരണം എന്തായാലും ബംഗ്ലാ താരത്തെ ട്രോളുകയാണ് ആരാധകർ. മുമ്പ് പല തവണ പാകിസ്ഥാന്‍ കുപ്പായത്തില്‍ നിന്ന് വിരമിച്ചിട്ടുള്ള ഷാഹിദ് അഫ്രീദിയുമായാണ് പലരും തമീം ഇക്ബാലിനെ താരതമ്യം ചെയ്യുന്നത്. 

തമീം ഇക്ബാലിനെ ട്രോളി ഐപിഎല്‍ ഫ്രാഞ്ചൈസി രാജസ്ഥാന്‍ റോയല്‍സും സ്പിന്നർ രവിചന്ദ്രന്‍ അശ്വിനും രംഗത്തെത്തി. 2023ലെ ഏറ്റവും വേഗമേറിയ കാര്യങ്ങള്‍ എന്ന തലക്കെട്ടില്‍ ധോണിയുടെ മിന്നല്‍ സ്റ്റംപിംഗും യശസ്വി ജയ്സ്വാളിന്‍റെ അർധസെഞ്ചുറിയും മാർക് വുഡിന്‍റെ അഞ്ച് വിക്കറ്റും ഒറ്റ ദിവസം കൊണ്ട് വിരമിക്കല്‍ തിരുത്തിയ തമീം ഇക്ബാലിന്‍റെ ചിത്രവുമുള്ള കൊളാഷ് ട്വീറ്റ് ചെയ്യുകയായിരുന്നു റോയല്‍‍സ്. അതേസമയം ഞെട്ടുന്ന ഇമോജിയോടെയായിരുന്നു തമീമിന്‍റെ വിരമിക്കല്‍ പിന്‍വലിക്കല്‍ തീരുമാനത്തെ രവി അശ്വിന്‍ ട്വിറ്ററില്‍ വരവേറ്റത്. 

Scroll to load tweet…
Scroll to load tweet…

ഇന്ത്യ വേദിയാവുന്ന ലോകകപ്പിന് മൂന്ന് മാസങ്ങള്‍ മാത്രം അവശേഷിക്കേ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനോട് തോറ്റതിന് പിന്നാലെ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് നാടകീയമായി വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു ഇന്നലെ ബംഗ്ലാദേശ് ഏകദിന ക്രിക്കറ്റ് ടീം നായകന്‍ തമീം ഇക്ബാല്‍. അഫ്ഗാനെതിരായ മത്സരം തോറ്റതിന് പിന്നാലെ വികാരഭരിതനായി വാർത്താസമ്മേളനത്തിലൂടെയായിരുന്നു തമീമിന്‍റെ വിരമിക്കല്‍ പ്രഖ്യാപനം. മുപ്പത്തിനാലുകാരനായ തമീം 241 ഏകദിനങ്ങളില്‍ 14 സെഞ്ചുറിയും 56 ഫിഫ്റ്റിയും ഉള്‍പ്പെടെ 8313 ഉം, 70 ടെസ്റ്റില്‍ 10 സെഞ്ചുറിയും 31 അര്‍ധസെഞ്ചുറിയും അടക്കം 5134 ഉം, 78 ടി20കളില്‍ ഒരു സെഞ്ചുറിയും ഏഴ് അര്‍ധസെഞ്ചുറിയും അടക്കം 1758 ഉം റണ്‍സും നേടിയിട്ടുണ്ട്. 

Read more: വന്‍ ട്വിസ്റ്റ്; ഒരു ദിവസത്തിന് ശേഷം വിരമിക്കല്‍ പിന്‍വലിച്ച് ബംഗ്ലാ ക്രിക്കറ്റർ തമീം ഇക്ബാല്‍!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാംAsianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News