ഹാമില്‍ട്ടണ്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് സുരക്ഷ കൂട്ടാന്‍ ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡിന്‍റെ നിര്‍ദേശം. ബേ ഓവലില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചറെ കിവീസ് ആരാധകന്‍ വംശീയമായി അധിക്ഷേപിച്ചതിനെ തുടര്‍ന്നാണ് നടപടി. ക്രിക്കറ്റ് ലോകത്തിന് നാണക്കേടുണ്ടാക്കിയ സംഭവത്തില്‍ ന്യൂസിലന്‍ഡ് ബോര്‍ഡ് ആര്‍ച്ചറോട് മാപ്പ് പറഞ്ഞിരുന്നു. 

ന്യൂസിലന്‍ഡ് ആരാധകന്‍ വംശീയമായി അപമാനിച്ചത് വേദനിപ്പിച്ചതായി ആര്‍ച്ചര്‍ മത്സരശേഷം വെളിപ്പെടുത്തിയിരുന്നു. ''എന്റെ ടീമിനെ പരാജയത്തില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കാണികളില്‍ ഒരാളില്‍ നിന്ന് വംശീയാധിക്ഷേപമുണ്ടായത് വേദനിപ്പിക്കുന്നു. അയാള്‍ ഒഴികെയുള്ള കാണികള്‍ അതിശയപ്പെടുത്തി. എപ്പോഴത്തെയും പോലെ ബാര്‍മി ആര്‍മി മികച്ചുനിന്നു''- ആര്‍ച്ചര്‍ ട്വീറ്റ് ചെയ്തു. പുറത്തായ ശേഷം ഡ്രസിംഗ് റൂമിലേക്ക് മടങ്ങവെ, തന്‍റെ നിറം പരാമര്‍ശിച്ച് കിവീസ് ആരാധകന്‍ കമന്‍റുകള്‍ പറഞ്ഞതായി ആര്‍ച്ചര്‍ ഇഎസ്‌പിഎന്‍ ക്രിക്‌ഇന്‍ഫോയോടും തുറന്നുപറഞ്ഞു. 

ക്രിക്കറ്റ് ലോകത്തിന് ഞെട്ടലുണ്ടാക്കിയ സംഭവത്തില്‍ ആര്‍ച്ചറെ ആശ്വസിപ്പിച്ച് ന്യൂസിലന്‍ഡ് ക്രിക്കറ്റ് രംഗത്തെത്തിയിരുന്നു. "ക്രിക്കറ്റില്‍ ഇംഗ്ലണ്ട് എതിരാളികളായിരിക്കാം. എന്നാല്‍ അവര്‍ നമ്മുടെ സുഹൃത്തുക്കളാണെന്ന് മറന്നുപോകരുത്. വംശീയാധിക്ഷേപം ഒരിക്കലും അംഗീകരിക്കാനാവില്ല". സംഭവത്തെ അപലപിച്ച് ന്യൂസിലന്‍ഡ് നായകന്‍ കെയ്‌ന്‍ വില്യംസണും രംഗത്തെത്തി. "ആര്‍ച്ചറെ അപമാനിച്ച സംഭവം ദാരുണമാണ്. ഭിന്ന സംസ്‌കാരമുള്ള രാജ്യത്ത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണിത്. ഇത്തരം സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിക്കില്ല എന്ന് പ്രതീക്ഷിക്കുന്നു"- കെയ്‌ന്‍ പ്രതികരിച്ചു.

ആര്‍ച്ചറെ അപമാനിച്ച ആരാധകനെ 'വിഡ്‌ഢി' എന്നാണ് ന്യൂസിലന്‍ഡ് പരിശീലകന്‍ ഗാരി സ്റ്റെഡ് വിശേഷിപ്പിച്ചത്. ആര്‍ച്ചറുമായി കിവീസ് താരങ്ങള്‍ സംസാരിക്കുമെന്നും അദേഹത്തെ ആശ്വസിപ്പിക്കുമെന്നും സ്റ്റെഡ് കൂട്ടിച്ചേര്‍ത്തു. ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡിന്‍റെ അന്വേഷണവുമായി സഹകരിക്കുമെന്ന് ഇംഗ്ലണ്ട് ആന്‍ഡ് വെയ്‌ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.