ഹാമില്‍ട്ടണ്‍: കഴിഞ്ഞ ആഴ്ച വാര്‍ത്തകളില്‍ ഇടംപിടിച്ച ക്രിക്കറ്റ് താരമായിരുന്നു ഇംഗ്ലണ്ടിന്റെ ജോഫ്ര ആര്‍ച്ചര്‍. എന്നാല്‍ പ്രകടനത്തിന്റെ അടിസ്ഥാനത്തില്ല, വംശീയ അധിക്ഷേപത്തിന് ഇരയായതോടെയാണ് താരം ചര്‍ച്ചയായത്. ന്യൂസിലന്‍ഡിനെതിരെ നടന്ന ആദ്യ ടെസ്റ്റിലാണ് കാണികളിലൊരാള്‍ താരത്തെ അധിക്ഷേപിച്ചത്. ഈ സംഭവത്തില്‍ ന്യൂസിലന്‍ഡ് ക്രിക്കറ്റും അവരുടെ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും ആര്‍ച്ചറോട് മാപ്പ് പറഞ്ഞിരുന്നു.

ഇത്തരം സംഭവങ്ങള്‍ ഇനിയും ഉണ്ടാവാതിരിക്കാനാണ് ന്യൂസിലന്‍ഡ് ക്രിക്കറ്റ് ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ ഹാമില്‍ട്ടണില്‍ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിന് കനത്ത സുരക്ഷയൊരുക്കാണ് ന്യൂസിലന്‍ഡ് ക്രിക്കറ്റിന്റെ തീരുമാനം. ഇത്തരം സംഭവങ്ങളുടെ സൂചനകളെങ്കിലും കണ്ടാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ന്യൂസിലന്‍ഡ് ക്രിക്കറ്റ് അറിയിച്ചു. 

ആദ്യ ടെസ്റ്റിലെ സംഭവത്തെ കുറിച്ച് ന്യൂസിലന്‍ഡ് ക്രിക്കറ്റ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. വംശീയാധിക്ഷേപം നടത്തിയ ആരാധകനെ വിഡ്ഢി എന്നായിരുന്നു ന്യൂസിലന്‍ഡ് പരിശീലകന്‍ വിളിച്ചത്. ക്രിക്കറ്റില്‍ ഇംഗ്ലണ്ട് എതിരാളികളാണ് എന്നാല്‍ അവര്‍ നമ്മുടെ സഹോദരങ്ങളാണെന്നു മറക്കരുതെന്നായിരുന്നു ട്വിറ്ററിലൂടെ ന്യൂസിലാന്‍ഡ് ക്രിക്കറ്റ് പ്രതികരിച്ചത്.