കൊളംബൊ: ശ്രീലങ്ക- ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്പര സമനിലയില്‍ അവസാനിച്ചു. രണ്ട് മത്സങ്ങളുടെ പരമ്പരയില്‍ ഇരു ടീമുകളും ഓരോ ടെസ്റ്റ് വീതം ജയിച്ചു. കൊളംബോയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഇന്നിങ്‌സിനും 65 റണ്‍സിനുമായിരുന്നു ന്യൂസിലന്‍ഡിന്റെ ജയം. സ്‌കോര്‍ ശ്രീലങ്ക: 244/10, 122/10. ന്യൂസിലന്‍ഡ്: 431/6 ഡി. കിവീസ് താരം ബി ജെ വാട്‌ലിങ്ങാണ് മാന്‍ ഓഫ് ദ സീരീസ്. ടോം ലാഥം മാന്‍ ഓഫ് ദ മാച്ചായി. 

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക ആദ്യ ഇന്നിങ്‌സില്‍ 244 റണ്‍സിന് പുറത്തായി. സെഞ്ചുറി നേടിയ ധനഞ്ജയ ഡിസില്‍വ (109)യുടെ പ്രകനമാണ് ആതിഥേയര്‍ക്ക് തുണയായത്. മറുപടി ബാറ്റിങ്ങില്‍ കിവീസ് ടോം ലാഥം (154), വാട്‌ലിങ് (105), കോളിന്‍ ഡി ഗ്രാന്‍ഹോം (83) എന്നിവരുടെ ബാറ്റിങ്ങിന്റെ കരുത്തില്‍ 431 റണ്‍സെടുത്തു. 187 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡാണ് ന്യൂസിലന്‍ഡ് നേടിയത്. എന്നാല്‍ ഇടയ്ക്കിടെ മഴയെത്തിയത് മത്സരം പലപ്പോഴും മുടക്കി.

അവസാനദിനത്തെ അതിജീവിച്ചിരുന്നെങ്കില്‍ മത്സരം സമനിലയിലാക്കാന്‍ ന്യൂസിലന്‍ഡിന് സാധിക്കുമായിരുന്നു. എന്നാല്‍ കിവീസ് ബൗളര്‍മാര്‍ക്ക് മുന്നില്‍ ലങ്കന്‍ താരങ്ങള്‍ക്ക് ഉത്തരമുണ്ടായിരുന്നില്ല. പന്തെടുത്ത എല്ലാവരും വിക്കറ്റെടുത്തപ്പോള്‍ ലങ്ക 122ന് എല്ലാവരും പുറത്തായി. ട്രന്റ് ബോള്‍ട്ട്, ടിം സൗത്തി, അജാസ് പട്ടേല്‍, വില്യം സോമര്‍വില്ലെ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ഗ്രാന്‍ഹോമിന് ഒരു വിക്കറ്റുണ്ട്. 51 റണ്‍സ് നേടിയ നിരോഷന്‍ ഡിക്‌വെല്ലാണ് ലങ്കയുടെ ടോപ് സ്‌കോറര്‍.