സുപ്രധാന കരാറില്‍ എത്തിയതിന് കളിക്കാര്‍ക്കും മേജര്‍ അസോസിയേഷനുകള്‍ക്കും നന്ദി അറിയിക്കുന്നതായി ന്യൂസിലന്‍ഡ് ക്രിക്കറ്റ് ചീഫ് എക്സിക്യൂട്ടീവ് ഡേവിഡ് വൈറ്റ് (David White) പ്രസ്താവനയില്‍ പറഞ്ഞു.

വെല്ലിംഗ്ടണ്‍: വിവിധ രാജ്യങ്ങളിലെ ക്രിക്കറ്റ് ബോര്‍ഡുകള്‍ക്ക് മാതൃകയായി ന്യൂസിലന്‍ഡ് ക്രിക്കറ്റ് (New Zealand Cricket). ചരിത്രലിദ്യമായി പുരുഷ- വനിതാ താരങ്ങള്‍ക്ക് ഒരേ തരത്തില്‍ പ്രതിഫലം നല്‍കാന്‍ ഒരുങ്ങുകയാണ് ന്യൂസിലന്‍ഡ് ക്രിക്കറ്റ്. ഇതുസംബന്ധിച്ച് കളിക്കാരുടെ സംഘടനയും സ്പോര്‍ട്സ് ഗവേണിങ് ബോഡിയും തമ്മില്‍ ഒപ്പുവച്ചു. എല്ലാ ഫോര്‍മാറ്റിലെ താരങ്ങള്‍ക്കും ഈ നിയമം ബാധകമായിരിക്കും. 

സുപ്രധാന കരാറില്‍ എത്തിയതിന് കളിക്കാര്‍ക്കും മേജര്‍ അസോസിയേഷനുകള്‍ക്കും നന്ദി അറിയിക്കുന്നതായി ന്യൂസിലന്‍ഡ് ക്രിക്കറ്റ് ചീഫ് എക്സിക്യൂട്ടീവ് ഡേവിഡ് വൈറ്റ് (David White) പ്രസ്താവനയില്‍ പറഞ്ഞു. വനിതാ ക്രിക്കറ്റിന്റെ കൂടുതല്‍ പ്രചാരണത്തിനും ഇതു വഴിവയ്ക്കും അദ്ദേഹം വ്യക്തമാക്കി. ആറ് പ്രധാന ക്രിക്കറ്റ് അസോസിയേഷനുകളാണ് കളിക്കാരുടെ സംഘടനയുമായി കരാറില്‍ എത്തിയത്. 

ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്ക് ഭാവിക്കും കരാര്‍ നിര്‍ണായകമായ തീരുമാനമാണ് ന്യൂസിലന്‍ഡ് ക്രിക്കറ്റിന്റെ ഭാഗത്തുനിന്നുണ്ടായത്. പുരുഷന്മാര്‍ക്കൊപ്പം അന്താരാഷ്ട്ര, ആഭ്യന്തര വനിതാ താരങ്ങളും ഒരേ കരാറില്‍ അംഗീകരിക്കപ്പെടുന്നത് വലിയ കാര്യമാണെന്ന് വൈറ്റ് ഫേണ്‍സ് ക്യാപ്റ്റന്‍ സോഫി ഡിവിന്‍ പറഞ്ഞു. കായിക മേഖലയിലെ ശ്രദ്ധേയ മുന്നേറ്റമെന്നാണ് ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്റെ (Kane Williamson) പ്രതികരണം.

കളിച്ച മത്സരങ്ങളുടെ എണ്ണം, മത്സരിച്ച ഫോര്‍മാറ്റുകള്‍, പരിശീലനത്തിനും കളിക്കുന്നതിനും ചെലവഴിച്ച സമയം എന്നിവ അടിസ്ഥാനമാക്കിയായിരിക്കും പ്രതിഫലം നിര്‍ണയിക്കുക. കരാര്‍ അനുസരിച്ച്, വനിതകളുടെ ആഭ്യന്തര കരാറുകളുടെ എണ്ണം 54ല്‍ നിന്ന് 72 ആയി വര്‍ധിക്കും. ഇത് പുരുഷ, വനിതാ താരങ്ങള്‍ക്ക് ഒരേ തരത്തില്‍ ബാധകമായിരിക്കും.